രാജ്യത്തെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ തങ്ങളുടെ ജീവനക്കാരുമായുള്ള തൊഴിൽ കരാറുകൾ നിർബന്ധമായും ഓൺലൈനിൽ റജിസ്റ്റർ ചെയ്യണമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്ന ഒമാൻ പൗരമാരും, പ്രവാസികളുമായിട്ടുള്ള മുഴുവൻ ജീവനക്കാരുടെയും തൊഴിൽ കരാറുകൾ ഇപ്രകാരം ഓൺലൈനിൽ റജിസ്റ്റർ ചെയ്യേണ്ടതാണ്.
ഏപ്രിൽ 18-നാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഇത്തരം റജിസ്ട്രേഷൻ നിർബന്ധമാണെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
തൊഴിലുടമകൾ അടുത്ത മൂന്ന് മാസത്തിനിടയിൽ ഈ റജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണെന്നും മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു. ഇത് വാണിജ്യാടിസ്ഥാനത്തിലുള്ള വർക്ക് പെർമിറ്റുകൾക്കും, സ്വകാര്യ വർക്ക് പെർമിറ്റുകൾക്കും ബാധകമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. മൂന്ന് മാസത്തിനിടയിൽ ഈ റജിസ്ട്രേഷൻ പൂർത്തിയാക്കാത്ത സ്ഥാപനങ്ങൾക്ക് നടപടികൾ നേരിടേണ്ടിവരാമെന്നും മന്ത്രാലയം സൂചിപ്പിച്ചിട്ടുണ്ട്.
തൊഴിൽ കരാറുകൾ ഓൺലൈനിൽ റെജിസ്റ്റർ ചെയ്യുന്നതിനുള്ള സംവിധാനം 2020 നവംബർ 4 മുതൽ ആരംഭിച്ചതായി ഒമാൻ തൊഴിൽ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഈ സംവിധാനത്തിലൂടെ തങ്ങളുടെ കീഴിലെ മുഴുവൻ പ്രവാസി ജീവനക്കാരുടെയും തൊഴിൽ കരാറുകൾ തൊഴിലുടമകൾ മന്ത്രാലയത്തിൽ സമർപ്പിക്കണമെന്ന് കഴിഞ്ഞ വർഷം നവംബർ 4-ന് പുറത്തിറക്കിയ അറിയിപ്പിലൂടെ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. രാജ്യത്തേക്ക് പ്രവേശിച്ച ശേഷം, റസിഡന്റ് കാർഡ് ലഭിക്കുന്നതോടെ, തൊഴിലുടമകൾക്ക് പ്രവാസി ജീവനക്കാരുടെ തൊഴിൽ കരാർ മന്ത്രാലയത്തിലേക്ക് ഓൺലൈനിലൂടെ സമർപ്പിക്കാവുന്നതാണെന്നും, ജീവനക്കാരുടെ തൊഴിൽ കരാറുകൾ പുതുക്കുന്നതിന് ഈ സംവിധാനത്തിലൂടെ സാധിക്കുമെന്നും മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.