ഒമാൻ: പ്രവാസികളുടെ വർക്ക് പെർമിറ്റ് ഫീ ഉയർത്താനുള്ള തീരുമാനം സ്ഥാപനങ്ങളെ ബാധിക്കില്ലെന്ന് തൊഴിൽ വകുപ്പ് മന്ത്രി

Oman

പ്രവാസികളുടെ വർക്ക് പെർമിറ്റ് ഫീ ഉയർത്താനുള്ള സർക്കാർ തീരുമാനം സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കില്ലെന്ന് ഒമാൻ തൊഴിൽ വകുപ്പ് മന്ത്രി H.E. ഡോ. മഹദ് സൈദ് അലി ബാവയ്‌ൻ അറിയിച്ചു. ഉയർന്ന നിരക്കിൽ സ്വദേശിവത്കരണ നടപടികൾ പൂർത്തിയാക്കിയിട്ടുള്ള സ്‌ഥാപനങ്ങൾക്ക് പ്രവാസി വർക്ക് പെർമിറ്റ് ഫീ തുകകളിൽ പ്രത്യേക ഇളവ് അനുവദിച്ചിട്ടുള്ളത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ജൂൺ 15-നാണ് ഒമാൻ തൊഴിൽ വകുപ്പ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഒമാൻ പൗരന്മാർക്ക് സ്വകാര്യ മേഖലയിൽ കൂടുതൽ തൊഴിലുകൾ ലഭ്യമാക്കുന്നതിനായുള്ള സ്വദേശിവത്കരണ നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം നടപ്പിലാക്കിയിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഈ നടപടി മൂലം രാജ്യത്തെ തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കോ, നിക്ഷേപകർക്കോ കോട്ടം ഉണ്ടാകാത്ത രീതിയിലാണ് ഇത് നടപ്പിലാക്കിയിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തൊഴിൽ വിപണിയിൽ സ്ഥിരത കൊണ്ട് വരുന്ന രീതിയിൽ മാത്രമാണ് രാജ്യത്തെ തൊഴിൽ നിയമങ്ങൾ ഭേദഗതി ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സ്വദേശിവത്കരണ നടപടികൾ പൂർത്തിയാക്കുന്ന സ്ഥാപനങ്ങൾക്ക് സാമ്പത്തിക ഉത്തേജനം നൽകുന്നതുമായി ബന്ധപ്പെട്ട് പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് ഫീസിൽ പ്രത്യേക ഇളവുകൾ അനുവദിച്ചിരിക്കുന്നതിനാൽ ഈ തീരുമാനം സ്ഥാപനങ്ങളെ കാര്യമായി ബാധിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തെ സ്വദേശിവത്കരണ നടപടികൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഒമാൻ തൊഴിൽ മന്ത്രാലയം തയ്യാറാക്കിയിട്ടുള്ള പ്രവാസി തൊഴിലാളികളുടെ പുതുക്കിയ വർക്ക് പെർമിറ്റ് ഫീ ഉൾപ്പടെയുള്ള തൊഴിൽ നിയമങ്ങൾ 2021 ജൂൺ 1 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഒമാൻ പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും, തൊഴിൽ നൈപുണ്യമുള്ള പ്രവാസികളെ രാജ്യത്ത് നിലനിർത്തുന്നതിനും ലക്ഷ്യമിട്ടാണ് ഒമാൻ മിനിസ്ട്രി ഓഫ് ലേബർ ഈ പുതിയ നടപ്പിലാക്കിയിരിക്കുന്നത്. ഉയർന്ന തസ്തികകളിലേക്കും, സാങ്കേതിക തൊഴിലുകളിലേക്കും പ്രവാസികളെ നിയമിക്കുന്നതിനുള്ള പുതിയ വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതിനും, ഇത്തരം പെർമിറ്റുകൾ പുതുക്കുന്നതിനുമുള്ള ഫീ ജൂൺ 1 മുതൽ ഉയർത്തിയിട്ടുണ്ട്.

എന്നാൽ ഒമാൻ പൗരന്മാരെ ജീവനക്കാരായി നിയമിച്ചിട്ടുള്ള സ്ഥാപനങ്ങൾക്ക് പ്രവാസി തൊഴിലാളികളെ നിയമിക്കുന്നതിനുള്ള വർക്ക് പെർമിറ്റ് ഫീസിൽ 25 ശതമാനം ഇളവ് നൽകുന്നതാണ്. സ്വദേശിവത്കരണ നിബന്ധനകൾ പൂർണ്ണമായും നടപ്പിലാക്കിയിട്ടുള്ള സ്ഥാപനങ്ങൾക്ക് പ്രവാസി തൊഴിലാളികളെ നിയമിക്കുന്നതിനുള്ള വർക്ക് പെർമിറ്റ് ഫീസിൽ 50 ശതമാനം ഇളവ് അനുവദിച്ചിട്ടുണ്ട്.