രാജ്യത്തെ വിദേശ മൂലധന നിക്ഷേപ നിയമത്തിന്റെ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾക്കായി ഒരു ഇലക്ട്രോണിക് ലൈസൻസിംഗ് സേവനം ആരംഭിച്ചതായി ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ അറിയിച്ചു. മന്ത്രാലയത്തിന്റെ ഇൻവെസ്റ്റ് ഈസി പോർട്ടലിലൂടെയാണ് ഈ സേവനം നൽകുന്നത്.
ഡിസംബർ 16-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ വാണിജ്യ, വ്യവസായ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും, വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും, നടപടിക്രമങ്ങൾ കൂടുതൽ വേഗത്തിലാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നതെന്ന് മന്ത്രാലയത്തിന് കീഴിലെ ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ വിഭാഗം അണ്ടർ സെക്രട്ടറി അസീല സലിം അൽ സംസമി വ്യക്തമാക്കി.
ഈ സേവനത്തിലൂടെ നിക്ഷേപകർക്ക് പദ്ധതികളുടെ വിവരം, നിക്ഷേപം നടത്താൻ ഉദ്ദേശിക്കുന്ന തുക തുടങ്ങിയ വിവരങ്ങൾ നൽകുന്നതിന് സാധിക്കുമെന്നും, ഇതിലൂടെ രാജ്യത്തിന് ആവശ്യമായ വിദേശ നിക്ഷേപ സാധ്യതകൾ കണ്ടെത്തുന്നതും, ഇത്തരം സംരംഭകരെ രാജ്യത്തേക്ക് ക്ഷണിക്കുന്നതിനും സാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ’50/2019′ എന്ന ഉത്തരവിന്റെ അടിസ്ഥാനത്തിൽ 2020 ജനുവരി 1 മുതൽ ഒമാനിൽ നിലവിൽ വന്നിട്ടുള്ള വിദേശ മൂലധന നിക്ഷേപ നിയമത്തിന്റെ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾക്ക് തങ്ങളുടെ പുതിയ പദ്ധതികൾക്ക് ലൈസൻസ് സ്വയം നേടുന്നതിന് ഈ ഓൺലൈൻ സംവിധാനത്തിലൂടെ സാധ്യമാകുന്നതാണ്.