രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ ഇലക്ട്രിക് കാർ പുറത്തിറക്കിയതായി ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. 2022 ഫെബ്രുവരി 20-നാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇലക്ട്രിക് വാഹന നിർമ്മാണ മേഖലയിൽ പ്രബലമായ സംഭാവനകൾ നൽകുന്നത് ലക്ഷ്യമിട്ടാണ് ഈ നടപടി. ഒമാൻ ടെക്‌നോളജി ഫണ്ട് മുതൽമുടക്കിൽ മെയ്‌സ് മോട്ടോർസാണ് ഈ ഇലക്ട്രിക് കാർ നിർമ്മിച്ചിരിക്കുന്നത്.
ഒമാൻ ടെക്‌നോളജി ഫണ്ട്, മെയ്‌സ് മോട്ടോർസ് എന്നിവർ എക്സ്പോ 2020 ദുബായ് വേദിയിലെ ഒമാൻ പവലിയനിൽ വെച്ച് ഇതിനായുള്ള ധാരണാപത്രത്തിൽ ഒപ്പ് വെച്ചിരുന്നു.
ആദ്യ ഘട്ടത്തിൽ ഇത്തരം 300 കാറുകൾ നിർമ്മിക്കുന്നതിനാണ് മെയ്‌സ് മോട്ടോർസ് ലക്ഷ്യമിടുന്നത്. ഇതിൽ നൂറ്റിയമ്പതോളം കാറുകളുടെ നിർമ്മാണം പൂർത്തിയായതായാണ് വിവരം. 100 വാഹനങ്ങൾക്കുള്ള ബുക്കിംഗ് ഇതിനകം പൂർത്തിയായതായും ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
4.9 സെക്കൻഡ് കൊണ്ട് പൂജ്യത്തിൽ നിന്ന് നൂറ് കിലോമീറ്റർ വേഗത കൈവരിക്കാനാകുന്ന ഈ കാറിന്റെ പരമാവധി വേഗത മണിക്കൂറിൽ 280 കിലോമീറ്ററാണ്. ഈ വാഹനം ഒറ്റചാർജ്ജിൽ അഞ്ഞൂറ് കിലോമീറ്റർ സഞ്ചരിക്കുമെന്നാണ് സൂചന. പൂർണ്ണമായും കാർബൺ ഫൈബറിൽ നിർമ്മിച്ചിട്ടുള്ള ഈ കാറിൽ റിയർ വീൽ ഡ്രൈവ് ട്രെയിനാണ് ഉപയോഗിക്കുന്നത്.
Cover Image: Oman News Agency.