COVID-19 വാക്സിൻ സംബന്ധിച്ച് ഒമാനിൽ ദേശീയ സർവ്വേ ആരംഭിച്ചു

GCC News

രാജ്യത്തെ ജനങ്ങൾക്കിടയിൽ COVID-19 വാക്സിൻ സംബന്ധമായി നിലനിൽക്കുന്ന അഭിപ്രായങ്ങൾ മനസ്സിലാക്കുന്നതിനും, വാക്സിനുമായി ബന്ധപ്പെട്ട ശാസ്ത്രീയമായ വസ്തുതകളിൽ അവബോധം വളർത്തുന്നതിനും ലക്ഷ്യമിട്ടുകൊണ്ടുള്ള ദേശീയ സർവ്വേ ഡിസംബർ 15 മുതൽ ഒമാനിൽ ആരംഭിച്ചു. ഒമാൻ ആരോഗ്യ മന്ത്രാലയമാണ് ഈ സർവ്വേ നടപ്പിലാക്കുന്നത്.

കൊറോണ വൈറസ് രോഗസംബന്ധിയായതും, വാക്സിനേഷൻ സംബന്ധിച്ചും സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റായ ധാരണകളും, കിംവദന്തികളും തെറ്റാണെന്ന് തെളിയിക്കുന്നതിനും, സമൂഹത്തിൽ വാക്സിൻ സംബന്ധിച്ച വിവരങ്ങളുടെ ആഴം മനസ്സിലാക്കുന്നതിനും ഈ സർവ്വേ സഹായകമാകുമെന്ന് മന്ത്രാലയം അറിയിച്ചു. ഇതിന്റെ ഭാഗമായി ഒമാൻ പൗരമാരിൽ നിന്നും, പ്രവാസികളിൽ നിന്നുമായി എല്ലാ ഗവർണറേറ്റുകളിൽ നിന്നും തിരഞ്ഞെടുത്ത 3000-ത്തോളം പേരിലാണ് സർവ്വേ നടത്തുന്നത്. സർവ്വേയിൽ പങ്കെടുക്കുന്നവരെ ക്രമരഹിതമായാണ് തിരഞ്ഞെടുക്കുന്നത്.

നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫൊർമേഷനിൽ നിന്ന് അഞ്ച് മിനിറ്റ് നീളുന്ന ടെലിഫോൺ കാളുകളിലൂടെയാണ് ഈ സർവ്വേ നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. സർവ്വേയിൽ പങ്കെടുക്കുന്നവരിൽ നിന്ന്, വാക്സിൻ സംബന്ധമായ അറിവുകൾ, നിലപാടുകൾ മുതലായ വിഷയങ്ങളിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ സഹായകമാകുന്ന ചോദ്യങ്ങൾ വഴിയാണ്, വിവരശേഖരണം നടത്തുന്നത്.