രാജ്യത്തെ മുഴുവൻ COVID-19 നിയന്ത്രണങ്ങളും ഒഴിവാക്കിയതായി ഒമാൻ സുപ്രീം കമ്മിറ്റി അറിയിച്ചു. 2022 മെയ് 22, ഞായറാഴ്ച വൈകീട്ടാണ് സുപ്രീം കമ്മിറ്റി ഇക്കാര്യം അറിയിച്ചത്.
രാജ്യത്തെ മുഴുവൻ പൊതു ഇടങ്ങളിലും, വ്യാപാര, വാണിജ്യ സ്ഥാപനങ്ങളിലും നിലനിന്നിരുന്ന എല്ലാ COVID-19 മുൻകരുതൽ നിയന്ത്രണങ്ങളും ഇതോടെ ഒഴിവാകുന്നതാണ്. ഒമാനിലെ കൊറോണാ വൈറസ് രോഗവ്യാപനം തീരെ കുറവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു തീരുമാനം.
ഇതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന കാര്യങ്ങളാണ് സുപ്രീം കമ്മിറ്റി 2022 മെയ് 22-ന് അറിയിച്ചിരിക്കുന്നത്:
- രാജ്യത്തെ പൊതു ഇടങ്ങളിലും, വാണിജ്യ മേഖലയിലും ഏർപ്പെടുത്തിയിരുന്ന COVID-19 മുൻകരുതൽ നടപടികൾ ഒഴിവാക്കുന്നതാണ്.
- നിയന്ത്രണങ്ങൾ ഒഴിവാക്കിയിട്ടുണ്ടെങ്കിലും ആരോഗ്യ സുരക്ഷ മുൻനിർത്തി പൊതുജനങ്ങൾ ആരോഗ്യ സുരക്ഷാ മുൻകരുതൽ നടപടികളിൽ ഊന്നിയുള്ള ഒരു ജീവിത ശൈലി പിന്തുടരാൻ കമ്മിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്.
- പനി, ശ്വാസകോശ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ എന്നിവ അനുഭവപ്പെടുന്നവർ വീടുകളിൽ തുടരേണ്ടതാണ്. ഇത്തരക്കാർ മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കേണ്ടതും, പൊതു ഇടങ്ങളിൽ വരുന്ന വേളയിൽ മാസ്കുകൾ ഉപയോഗിക്കേണ്ടതുമാണ്.
- പ്രായമായവർ, ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ളവർ എന്നിവർ ഉൾപ്പടെ മുഴുവൻ പേരും ആരോഗ്യ സുരക്ഷ മുൻനിർത്തി അടച്ചിട്ട പൊതു ഇടങ്ങളിൽ മാസ്കുകളുടെ ഉപയോഗം തുടരാൻ കമ്മിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്.
- COVID-19 വാക്സിന്റെ ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ കമ്മിറ്റി പൗരന്മാരോടും, പ്രവാസികളോടും ആഹ്വാനം ചെയ്തിട്ടുണ്ട്.