രാജ്യത്തെ ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ കർശനമായതോടെ രോഗവ്യാപനത്തിൽ കുറവ് പ്രകടമായതായി ഒമാൻ ആരോഗ്യ മന്ത്രാലയം. ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ, വാരാന്ത്യത്തോടെ രോഗബാധിതരുടെ എണ്ണത്തിലെ കുറവ് കൂടുതൽ പ്രകടമാകുമെന്ന്, ഒമാൻ ആരോഗ്യ മന്ത്രാലയത്തിലെ, രോഗ നിയന്ത്രണ വിഭാഗം ഡയറക്ടർ ജനറൽ ഡോ. സൈഫ് അൽ അബ്‌രി ഒമാൻ ടി വിയ്ക്ക് നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.
“രാജ്യത്തെ കൊറോണാ ബാധിതരുടെ എണ്ണത്തിൽ പ്രകടമായ കുറവ് അനുഭവപ്പെടുന്നുണ്ട്. ബലിപെരുന്നാൾ അവധികൾ ആരംഭിക്കുന്നതോടെ വൈറസ് വ്യാപനം കൂടുതൽ നിയന്ത്രണ വിധേയമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രോഗബാധിതരുടെ എണ്ണത്തിൽ വലിയ അളവിൽ കുറവ് രേഖപെടുത്തുകയാണെങ്കിൽ യാത്രാ നിയന്ത്രണങ്ങൾ പ്രയോജനകരമായി എന്ന് അനുമാനിക്കാവുന്നതാണ്.” അദ്ദേഹം അഭിമുഖത്തിൽ വ്യക്തമാക്കി.
ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ തുടരുന്നതോടെ, രോഗബാധയിൽ ഏതാണ്ട് 60 ശതമാനം കുറവ് അനുഭവപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോക്ക്ഡൌൺ കാലയളവിലും, പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായും ജനങ്ങളോട് ജാഗ്രത തുടരാനും, ഉത്തരവാദിത്വത്തോടെ പെരുമാറുന്നതിനും അദ്ദേഹം ആഹ്വാനം ചെയ്‌തു.
ജൂലൈ 28, ചൊവ്വാഴ്ച്ച, ഒമാനിൽ ഏതാണ്ട് ഒരു മാസത്തിനു ശേഷം ആദ്യമായി, പ്രതിദിന രോഗബാധിതരുടെ എണ്ണം ആയിരത്തിനു താഴെ രേഖപ്പെടുത്തുകയുണ്ടായി. ഇന്ന് (ജൂലൈ 29) 665 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ലോക്ക്ഡൌൺ ആരംഭിച്ചതോടെ, ഒമാനിലെ COVID-19 രോഗവ്യാപനം നിയന്ത്രിക്കാൻ കഴിഞ്ഞതായുള്ള ഡോ. സൈഫ് അൽ അബ്‌രിയുടെ വാക്കുകളെ ഈ കണക്കുകൾ സാധൂകരിക്കുന്നുണ്ട്.