ഒമാൻ: പൊതുഇടങ്ങളിലേക്ക് പ്രവേശിക്കുന്നതിന് COVID-19 വാക്സിനേഷൻ നിർബന്ധമാക്കാൻ സാധ്യതയുള്ളതായി ആരോഗ്യ വകുപ്പ്

GCC News

രാജ്യത്തെ പൊതു ഇടങ്ങളിലും മറ്റും പ്രവേശിക്കുന്നതിന് COVID-19 വാക്സിനേഷൻ നിർബന്ധമാക്കാൻ സാധ്യതയുള്ളതായി ഒമാൻ ആരോഗ്യ മന്ത്രാലയം സൂചന നൽകി. മന്ത്രാലയത്തിന് കീഴിലുള്ള ഡിസീസസ് സർവെയ്‌ലൻസ് ആൻഡ് കണ്ട്രോൾ വിഭാഗം ഡയറക്ടർ ജനറൽ ഡോ സൈഫ് അൽ അബ്രിയാണ് ഇക്കാര്യം സൂചിപ്പിച്ചത്.

ജൂൺ 24-ന് നടന്ന സുപ്രീം കമ്മിറ്റിയുടെ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വാണിജ്യ കേന്ദ്രങ്ങൾ മുതലായ ഇടങ്ങളിൽ പ്രവേശിക്കുന്നതിന് COVID-19 വാക്സിനേഷൻ എടുത്തിരിക്കണമെന്ന വ്യവസ്ഥ വരുംനാളുകളിൽ ഏർപ്പെടുത്തിയേക്കാമെന്ന് അദ്ദേഹം ഈ പത്രസമ്മേളനത്തിൽ സൂചിപ്പിച്ചു.

നിലവിലെ മഹാമാരിയുടെ പശ്ചാത്തലത്തിൽ, പൊതുസമൂഹത്തിന്റെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വാക്സിനേഷൻ അനുവാര്യമാണെങ്കിലും, രാജ്യത്ത് COVID-19 വാക്സിൻ കുത്തിവെപ്പുകൾ നിയമം മൂലം മുഴുവൻ പേർക്കും നിർബന്ധമാക്കിയിട്ടില്ലെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.