രാജ്യത്തെ തീരപ്രദേശങ്ങളിൽ ചൂട് കനത്തതോടെ സൂര്യപ്രകാശം ഏൽക്കുന്നത് മൂലമുണ്ടാകുന്ന തളർച്ച, സൂര്യാഘാത സാധ്യതകൾ എന്നിവ സംബന്ധിച്ച് ഒമാൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഒമാനിൽ അൽ ബതീന, മസ്‌ക്കറ്റ് മുതലായ ഇടങ്ങളിലെ തീരപ്രദേശങ്ങളിൽ കനത്ത ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു അറിയിപ്പ്.
ജൂലൈ 25, ഞായറാഴ്ച്ച രാവിലെയാണ് ഒമാൻ കാലാവസ്ഥാ വകുപ്പ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. അന്തരീക്ഷത്തിൽ ഉയർന്ന തോതിലുള്ള ഈർപ്പം നിലനിൽക്കുന്ന സാഹചര്യത്തിൽ, അൽ ബതീന, മസ്‌ക്കറ്റ് മുതലായ ഇടങ്ങളിലെ തീരപ്രദേശങ്ങളിൽ, ജൂലൈ 25, 26 തീയതികളിൽ താപനില വലിയ രീതിയിലുള്ള ഉയർച്ച രേഖപ്പെടുത്താൻ സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് ചൂണ്ടിക്കാട്ടി. മസ്‌ക്കറ്റിലെ താപനില ജൂലൈ 25-ന് 37 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്താമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിൽ പുറം തൊഴിലിടങ്ങളിൽ സൂര്യാഘാതമേൽക്കുന്നത് ഒഴിവാക്കുന്നതിനും, അമിത ചൂട് മൂലമുണ്ടാകുന്ന വിവിധ അപകടങ്ങൾ അകറ്റുന്നതിനുമുള്ള സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ ജനങ്ങളോട് അധികൃതർ നിർദ്ദേശം നൽകി. അപകടങ്ങൾ ഒഴിവാക്കുന്നതിനായി ദാഹം അനുഭവപ്പെടുന്നില്ലെങ്കിൽ പോലും കൃത്യമായ ഇടവേളകളിൽ ധാരാളം വെള്ളം കുടിക്കാൻ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.