COVID-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ താത്കാലികമായി നിർത്തിവെച്ചിരുന്ന ടൂറിസം നികുതി തിരികെ ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു. ജനുവരി 3-നാണ് ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
രാജ്യത്തെ ടൂറിസം മേഖലയിലെ നാല് ശതമാനം നികുതി ജനുവരി 1 2022 മുതൽ തിരികെ ഏർപ്പെടുത്തിയതായി മന്ത്രാലയം വ്യക്തമാക്കി. COVID-19 മഹാമാരിയെത്തുടർന്ന് ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധികളിൽ നിന്ന് കരകയറുന്നതിന് ഇത്തരം മേഖലകൾക്ക് സഹായം നൽകുന്നതിനായിട്ടാണ് 2021 ഡിസംബർ അവസാനം വരെ ടൂറിസം മേഖലയിലെ നികുതി താത്കാലികമായി ഒഴിവാക്കി നൽകിയിരുന്നത്.
2022 ജനുവരി 1 മുതൽ രാജ്യത്തെ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് 4% നികുതി ബാധകമാകുമെന്ന് മന്ത്രാലയം അറിയിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
ഏതാനം വാണിജ്യ മേഖലകളിൽ താത്കാലികമായി നിർത്തലാക്കിയിരുന്ന മുനിസിപ്പൽ നികുതി 2022 ജനുവരി 1 മുതൽ മസ്കറ്റ് മുനിസിപ്പാലിറ്റി തിരികെ ഏർപ്പെടുത്തിയിട്ടുണ്ട്.