രാജ്യത്തെ ഏതാനം ഡ്രൈവിംഗ് തൊഴിലുകളിൽ പ്രവാസികൾക്ക് നിയന്ത്രണമേർപ്പെടുത്താൻ തീരുമാനിച്ചതായി ഒമാൻ മിനിസ്ട്രി ഓഫ് ലേബർ അറിയിച്ചു. മന്ത്രാലയം പുറത്തിറക്കിയ ‘9/2021’ എന്ന ഉത്തരവ് പ്രകാരം രാജ്യത്തെ ഏതാനം ഡ്രൈവിംഗ് തൊഴിലുകൾ ഒമാൻ പൗരന്മാർക്കായി നിജപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്.
ജനുവരി 24, ഞായറാഴ്ച്ചയാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഈ തീരുമാന പ്രകാരം താഴെ പറയുന്ന ഡ്രൈവിംഗ് തൊഴിലുകൾ ഒമാൻ പൗരന്മാർക്ക് മാത്രമാക്കി നിയന്ത്രിക്കാൻ തീരുമാനിച്ചിട്ടുണ്ട്:
- ഇന്ധന ഗതാഗതത്തിനു ഉപയോഗിക്കുന്ന വാഹനങ്ങളുടെ ഡ്രൈവർ.
- കൃഷി സംബന്ധമായ വസ്തുക്കളുടെ ഗതാഗതത്തിനു ഉപയോഗിക്കുന്ന വാഹനങ്ങളുടെ ഡ്രൈവർ.
- ഭക്ഷണ സാധനങ്ങളുടെ ഗതാഗതത്തിനു ഉപയോഗിക്കുന്ന വാഹനങ്ങളുടെ ഡ്രൈവർ.
ഈ തൊഴിലുകളിൽ പ്രവാസികളെ നിയന്ത്രിക്കാനും, ഇവ ഒമാനി പൗരന്മാർക്ക് മാത്രമാക്കി നിജപ്പെടുത്താനുമാണ് മന്ത്രാലയം തീരുമാനിച്ചിട്ടുള്ളത്. എന്നാൽ ഒമാൻ പൗരന്മാരുടെ ഉടമസ്ഥതയിലുള്ള രാജ്യത്തെ ചെറുകിട ഇടത്തരം സംരംഭങ്ങളിൽ, കൃഷി സംബന്ധമായ വസ്തുക്കളുടെയും, ഭക്ഷണ സാധനങ്ങളുടെയും ഗതാഗതത്തിനായി ഒരു വിദേശ ജീവനക്കാരനെ നിയമിക്കുന്നതിനുള്ള ഇളവ് മന്ത്രാലയം ഈ തീരുമാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അതോറിറ്റി ഓഫ് സ്മാൾ ആൻഡ് മീഡിയം എന്റർപ്രൈസസ് ഡെവലപ്മെന്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും, പബ്ലിക് അതോറിറ്റി ഫോർ സോഷ്യൽ ഇൻഷുറൻസിൽ ഇൻഷുർ ചെയ്തിട്ടുള്ളതുമായ സ്ഥാപനങ്ങൾക്ക് മാത്രമാണ് ഈ ഇളവ് അനുവദിക്കുന്നത്. ഇത്തരത്തിൽ പ്രവാസി ജീവനക്കാർ ഉപയോഗിക്കുന്ന വാഹനം വാണിജ്യ ആവശ്യങ്ങൾക്കുള്ളതും, സ്ഥാപനത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്തതുമായിരിക്കണമെന്നും മന്ത്രാലയം നിഷ്കർഷിച്ചിട്ടുണ്ട്.
ഗസറ്റിൽ വിജ്ഞാപനം ചെയ്ത് ആറ് മാസത്തിന് ശേഷം ഈ തീരുമാനം പ്രാബല്യത്തിൽ വരുന്നതാണ്. ഇതോടെ 2021 ജൂലൈ മുതൽ ഈ തീരുമാനം നടപ്പിലാകുന്നതാണ്.
അതേസമയം, രാജ്യത്തെ വിവിധ തൊഴിൽ മേഖലകളിൽ പ്രവാസി ജീവനക്കാർക്ക് വർക്ക് വിസ അനുവദിക്കുന്നതിന് വിലക്കേർപ്പെടുത്താനും, ഈ മേഖലകളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിനും തീരുമാനിച്ചു കൊണ്ടുള്ള മറ്റൊരു ഉത്തരവ് മിനിസ്ട്രി ഓഫ് ലേബർ ജനുവരി 24-ന് പുറത്തിറക്കിയിട്ടുണ്ട്.