ഒമാനിലെ സ്വകാര്യ ആശുപത്രികളിൽ വെച്ച് നടത്താവുന്ന COVID-19 പരിശോധനകളുടെ ചെലവുകൾ ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. സ്വകാര്യ ആശുപത്രികളിൽ മൂന്ന് തരത്തിലുള്ള COVID-19 ടെസ്റ്റിംഗ് സേവനങ്ങളാണ് ലഭ്യമാക്കിയിട്ടുള്ളത്. ഇവയുടെ ടെസ്റ്റിംഗിനായി വേണ്ടിവരുന്ന സമയം, ഫലം ലഭിക്കുന്നതിനെടുക്കുന്ന സമയം, ചെലവുകൾ എന്നിവയാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുള്ളത്. ഒമാൻ ആരോഗ്യമന്ത്രാലയത്തിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് പ്രൈവറ്റ് ഹെൽത്ത് എസ്റ്റാബ്ലിഷ്മെന്റാണ് ഇത് സംബന്ധമായ അറിയിപ്പ് പുറത്തിറക്കിയത്.
RT-PCR ടെസ്റ്റിംഗ് – 35 ഒമാൻ റിയാൽ
ഈ പരിശോധനയ്ക്ക് 2 മണിക്കൂർ വരെ സമയം ആവശ്യമായി വരാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിക്കുന്നു. മൂക്കിൽ നിന്നും ശേഖരിക്കുന്ന സ്രവം പരിശോധിച്ച് നടത്തുന്ന ഈ പരിശോധനയിൽ നിലവിൽ രോഗബാധയുണ്ടോ എന്ന് കണ്ടെത്താവുന്നതാണ്. ഈ ടെസ്റ്റിംഗിന്റെ റിപ്പോർട്ട് ലഭിക്കുന്നതിന് 2 മുതൽ 3 ദിവസം വരെ എടുക്കാവുന്നതാണ്. 30 റിയാൽ ഈ ടെസ്റ്റിനും, 5 റിയാൽ സ്രവം ശേഖരിക്കുന്നതിനും ഈടാക്കുന്നതാണ്. ആകെ 35 റിയാലാണ് ഈ പരിശോധനയ്ക്ക് വരുന്ന ചെലവ്.
POC-PCR ടെസ്റ്റിംഗ് – 50 ഒമാൻ റിയാൽ
ഈ പരിശോധനയ്ക്ക് 45 മിനിറ്റ് സമയം ആവശ്യമായി വരാവുന്നതാണ്. മൂക്കിൽ നിന്നും ശേഖരിക്കുന്ന സ്രവം പരിശോധിച്ച് നടത്തുന്ന ഈ പരിശോധനയിൽ നിലവിൽ രോഗബാധയുണ്ടോ എന്ന് കണ്ടെത്താവുന്നതാണ്. ഈ ടെസ്റ്റിംഗിന്റെ റിപ്പോർട്ട് ലഭിക്കുന്നതിന് ഒരു ദിവസത്തെ സമയം ആവശ്യമാണ്. 45 റിയാൽ ഈ ടെസ്റ്റിനും, 5 റിയാൽ സ്രവം ശേഖരിക്കുന്നതിനായും ഈടാക്കുന്നതാണ്. ആകെ 50 റിയാലാണ് ഈ പരിശോധനയ്ക്ക് വരുന്ന ചെലവ്.
igG ടെസ്റ്റിംഗ് – 15 ഒമാൻ റിയാൽ
ഈ പരിശോധനയ്ക്ക് 60 മിനിറ്റ് സമയം ആവശ്യമായി വരാവുന്നതാണ്. രക്തസാമ്പിൾ പരിശോധിച്ച് നടത്തുന്ന ഈ പരിശോധനയിൽ നിന്ന് മുൻപ് COVID-19 രോഗബാധ ഉണ്ടായിട്ടുണ്ടോ എന്നാണ് കണ്ടെത്താനാകുക. ഈ ടെസ്റ്റിംഗിന്റെ റിപ്പോർട്ട് 2 മണിക്കൂറിനുള്ളിൽ ലഭിക്കുന്നതാണ്. 11 റിയാൽ ഈ ടെസ്റ്റിനും, 4 റിയാൽ സ്രവം ശേഖരിക്കുന്നതിനായും ഈടാക്കുന്നതാണ്. ആകെ 15 റിയാലാണ് ഈ പരിശോധനയ്ക്ക് വരുന്ന ചെലവ്.