പ്രവാസി ജീവനക്കാരെ മാത്രമാണ് സൗജന്യ ചികിത്സയിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളതെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം

Oman

സർക്കാർ മേഖലയിലെ പ്രവാസി ജീവനക്കാരെ മാത്രമാണ് ഏതാനം രോഗങ്ങൾക്കുള്ള സൗജന്യ ചികിത്സകളിൽ നിന്നും, ശസ്ത്രക്രിയകളിൽ നിന്നും ഒഴിവാക്കിയിട്ടുള്ളതെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഒമാൻ പൗരന്മാർക്കുള്ള സൗജന്യ ചികിത്സകൾ റദ്ദാക്കി എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിലും മറ്റും പ്രചരിച്ചിരുന്ന വാർത്തകളോട് പ്രതികരിച്ച് കൊണ്ടാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഡിസംബർ 14, തിങ്കളാഴ്ച്ചയാണ് മന്ത്രാലയം ഇക്കാര്യത്തിൽ വ്യക്തത നൽകിയത്. രാജ്യത്തെ സർക്കാർ മേഖലയിലെ പ്രവാസി ജീവനക്കാർക്ക് ഏതാനം രോഗങ്ങൾക്കുള്ള ചികിത്സകളും, ശസ്ത്രക്രിയകളും സൗജന്യമായി അനുവദിച്ചിരുന്ന തീരുമാനം പിൻവലിക്കുന്നതായി ഒമാൻ മിനിസ്ട്രി ഓഫ് ലേബർ ഡിസംബർ 13-ന് അറിയിപ്പ് പുറത്തിറക്കിയിരുന്നു.

ഇതിനെത്തുടർന്ന് സമൂഹ മാധ്യമങ്ങളിലും മറ്റും ഒമാൻ പൗരന്മാരായ ജീവനക്കാരുടെ സൗജന്യ ചികിത്സകൾ ഒഴിവാക്കി എന്ന തരത്തിലുള്ള സന്ദേശങ്ങൾ പ്രചരിച്ചിരുന്നു. “ഒമാൻ പൗരന്മാരായ ജീവനക്കാരുടെ ചകിത്സകൾക്കായി ഫീസ് ഏർപ്പെടുത്തി എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനമില്ലാത്തതാണ്. പ്രവാസി ജീവനക്കാരുമായി ബന്ധപ്പെട്ട് തൊഴിൽ മന്ത്രാലയം എടുത്ത ഒരു തീരുമാനത്തെ വക്രീകരിച്ച്, വ്യാജമായി നിർമ്മിച്ച വാർത്തകളാണ് ഇങ്ങിനെ പ്രചരിക്കുന്നത്.”, ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട അറിയിപ്പിൽ വ്യക്തമാക്കുന്നു.