ഒമാൻ: സുൽത്താൻ ഖാബൂസ് ഹോസ്പിറ്റലിൽ റെസ്പിറേറ്ററുകൾക്ക് ക്ഷാമം അനുഭവപ്പെടുന്നതായുള്ള വാർത്തകൾ വ്യാജമെന്ന് ആരോഗ്യ മന്ത്രാലയം

Oman

സലാലയിലെ സുൽത്താൻ ഖാബൂസ് ഹോസ്പിറ്റലിൽ റെസ്പിറേറ്ററുകളുടെ ലഭ്യതയിൽ ക്ഷാമം അനുഭവപ്പെടുന്നതായുള്ള വാർത്തകൾ വ്യാജമാണെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇത്തരത്തിലുള്ള ഒരു പ്രതിസന്ധി സുൽത്താൻ ഖാബൂസ് ഹോസ്പിറ്റലിൽ നേരിടുന്നില്ലെന്ന് ഇത് സംബന്ധിച്ച് പുറത്തിറക്കിയ പ്രത്യേക അറിയിപ്പിലൂടെ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

https://twitter.com/OmaniMOH/status/1383136188685488138

“സലാലയിലെ സുൽത്താൻ ഖാബൂസ് ഹോസ്പിറ്റലിൽ റെസ്പിറേറ്ററുകളുടെ ലഭ്യതയിൽ ക്ഷാമം അനുഭവപ്പെടുന്നതായി സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണ്. നിലവിലെ കൊറോണ വൈറസ് പ്രതിസന്ധി നേരിടുന്നതിന് മന്ത്രാലയം പൂർണ്ണ സജ്ജമാണ്. എല്ലാ ഹോസ്പിറ്റലുകളിലും കൂടുതൽ രോഗികളെ ഉൾക്കൊള്ളാൻ ആവശ്യമായ തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയിട്ടുണ്ട്.”, മന്ത്രാലയം വ്യക്തമാക്കി.

ഇത്തരം വ്യാജപ്രചാരണങ്ങളിൽ നിന്ന് വിട്ട് നിൽക്കാൻ മന്ത്രാലയം ജനങ്ങളോട് നിർദ്ദേശിച്ചു. ശരിയായ വിവരങ്ങൾ ലഭിക്കുന്നതിനായി ഔദ്യോഗിക സ്രോതസുകളിൽ നിന്നുള്ള വാർത്തകൾ പിന്തുടരാനും ജനങ്ങളോട് മന്ത്രാലയം ആവശ്യപ്പെട്ടു. ഇത്തരം വ്യാജവാർത്തകളിലൂടെ സമൂഹത്തിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ കൈക്കൊള്ളുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.