COVID-19 വാക്സിൻ കുത്തിവെപ്പിനെത്തുടർന്ന് ഒരാൾ മരിച്ചെന്ന രീതിയിലുള്ള വാർത്തകൾ വ്യാജമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം

Oman

രാജ്യത്ത് COVID-19 വാക്സിൻ കുത്തിവെപ്പിനെത്തുടർന്ന് ഒരാൾ മരിച്ചെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വാക്സിൻ കുത്തിവെപ്പിനെത്തുടർന്ന് ഇത്തരത്തിൽ ഒരു സംഭവം ഒമാനിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും, ഇത്തരത്തിൽ പ്രചരിക്കുന്ന ഊഹാപോഹങ്ങൾ വ്യാജമായി നിർമ്മിച്ചവയാണെന്നും മന്ത്രാലയം അറിയിച്ചു.

മാർച്ച് 6-നാണ് മന്ത്രാലയം ഇത് സംബന്ധിച്ച വ്യക്തത നൽകിയത്. രാജ്യത്തെ വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി കുത്തിവെപ്പ് സ്വീകരിച്ചവരിൽ ഇത് വരെ പാർശ്വഫലങ്ങളൊന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ലെന്നും മന്ത്രാലയം ഇത് സംബന്ധിച്ച് പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.

ഇത്തരം കിംവദന്തികൾ വിശ്വസിക്കരുതെന്ന് പൗരന്മാരോടും, നിവാസികളോടും മന്ത്രാലയം ആവശ്യപ്പെട്ടു. വാർത്തകളുടെയും, വിവരങ്ങളുടെയും ആധികാരികത ഉറപ്പ് വരുത്തണമെന്നും, ഇതിനായി ഔദ്യോഗിക സ്രോതസുകളെ പിന്തുടരാനും പൊതുജനങ്ങളോട് മന്ത്രാലയം ആവശ്യപ്പെട്ടു. വ്യാജവാർത്തകൾ സൃഷ്ടിക്കുന്നവർക്കെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് മന്ത്രാലയം ഓർമ്മപ്പെടുത്തി.