ഒമാൻ: വിദേശ മെഡിക്കൽ സംഘത്തിന്റെ സഹായം ലഭിച്ചതായുള്ള റിപ്പോർട്ടുകൾ ആരോഗ്യ മന്ത്രാലയം തള്ളി

GCC News

ഒമാനിലെ കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി, അയൽ രാജ്യങ്ങളിൽ നിന്നുള്ള മെഡിക്കൽ സംഘങ്ങളുടെ സഹായം ലഭിച്ചതായുള്ള രീതിയിലുള്ള പ്രചാരണങ്ങൾ തെറ്റാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് COVID-19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി വിദേശ ആരോഗ്യ പ്രവർത്തകർ എത്തിയതായും, വിദേശത്തുനിന്നുള്ള മെഡിക്കൽ സഹായങ്ങൾ ലഭിച്ചതായുമുള്ള വാർത്തകൾ ഒമാനിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരം വാർത്തകൾ കേവലം ഊഹാപോഹങ്ങൾ മാത്രമാണെന്ന് മന്ത്രാലയം വ്യക്തമാക്കിയത്.

“രാജ്യത്തെ COVID-19 പ്രതിരോധപ്രവർത്തനങ്ങൾക്കായി ഒമാനിലെ ആരോഗ്യ രംഗം പൂർണ്ണമായും സജ്ജമാണ്. പൗരന്മാരും, പ്രവാസികളുമായിട്ടുള്ള മുഴുവൻ ആരോഗ്യ പ്രവർത്തകരും രോഗബാധിതരുടെ ജീവൻ സംരക്ഷിക്കാൻ മനുഷ്യസാധ്യമായ എല്ലാ പ്രവർത്തനങ്ങളും നൽകുന്നുണ്ട്. ഒമാനിലേക്ക് മറ്റു രാജ്യങ്ങളിൽ നിന്നുമുള്ള മെഡിക്കൽ സംഘങ്ങളും, സഹായവും എത്തി എന്ന രീതിയിലുള്ള വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ല.”, ആരോഗ്യ മന്ത്രാലയം ജൂലൈ 12, ഞായറാഴ്ച പുറത്തിറക്കിയ പ്രത്യേക അറിയിപ്പിലൂടെ വ്യക്തമാക്കി.

രാജ്യത്തെ എല്ലാ ആശുപത്രികളിലും ചികിത്സാ സൗകര്യങ്ങൾ വർധിപ്പിച്ചതായും മന്ത്രാലയം കൂട്ടിച്ചേർത്തു. ഔദ്യോഗികമായ സ്രോതസുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കാനും മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടു.