രാജ്യത്ത് COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാൻ മുൻഗണന നൽകുന്നവരുടെ പ്രായപരിധിയിൽ മാറ്റം വരുത്തിയതായുള്ള രീതിയിൽ സമൂഹ മാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വാക്സിൻ കുത്തിവെപ്പ് നൽകുന്നതിനുള്ള മുൻഗണനാ വിഭാഗങ്ങളിൽ മാറ്റം വരുത്തിയിട്ടില്ലെന്നും, മറിച്ചുള്ള പ്രചാരണങ്ങൾ വ്യാജമാണെന്നും മന്ത്രാലയം അറിയിപ്പിലൂടെ ചൂണ്ടിക്കാട്ടി.
ഇത്തരം ഊഹാപോഹങ്ങൾ സമൂഹ മാധ്യമങ്ങളിലും മറ്റും പങ്ക് വെക്കുന്നതിൽ നിന്ന് വിട്ട് നിൽക്കാൻ ജനങ്ങളോടെ മന്ത്രാലയം ആവശ്യപ്പെട്ടു. ഇത്തരം തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തെ ഒരു വ്യക്തിയുടെ കൈവശം COVID-19 വാക്സിൻ വില്പനയ്ക്കായി ലഭ്യമാണെന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിലും മറ്റും പ്രചരിച്ചിരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.