ഒമാൻ: വേനൽ ചൂടിൽ തൊഴിലാളികളുടെ സംരക്ഷണമുറപ്പാക്കാൻ ആരോഗ്യ മന്ത്രാലയം തൊഴിലുടമകൾക്ക് നിർദ്ദേശം നൽകി

Oman

വേനലിലെ കൊടും ചൂടിൽ, തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ രാജ്യത്തെ തൊഴിലുടമകൾ കൈക്കൊള്ളണമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു. 2025 ജൂൺ 19-നാണ് ഒമാൻ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

വേനൽ ചൂടിൽ തൊഴിലാളികളുടെ സംരക്ഷണമുറപ്പാക്കുന്നതിന് കൈക്കൊള്ളാവുന്ന മുൻകരുതൽ നിർദ്ദേശങ്ങൾ ഈ അറിയിപ്പിൽ മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിനായി താഴെ പറയുന്ന മുൻകരുതൽ നിർദ്ദേശങ്ങൾ പാലിക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്:

  • കഠിനമായ ജോലികൾക്കായി രാവിലെയോ, അല്ലെങ്കിൽ ചൂട് കുറഞ്ഞ വൈകുന്നേരങ്ങളോ തിരഞ്ഞെടുക്കുക.
  • തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ദിനവും ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 3.30 വരെ പ്രവർത്തനങ്ങൾ നിർബന്ധമായും നിർത്തിവെക്കേണ്ടതാണ്. രാജ്യത്തെ കെട്ടിടനിർമ്മാണ മേഖല ഉൾപ്പടെയുള്ള പുറം തൊഴിൽ പ്രവർത്തന മേഖലകളിലെ സ്ഥാപനങ്ങൾക്ക് ഈ നിയന്ത്രണം ബാധകമാണ്.
  • കൃത്യമായ ഇടവേളകളിൽ തൊഴിലാളികൾക്ക് വിശ്രമം ഉറപ്പാക്കേണ്ടതാണ്. വിശ്രമിക്കുന്നതിനായി തണലുള്ള സ്ഥലം, ചൂട് കുറയ്ക്കുന്നതിനുള്ള ഉചിതമായ വ്യാവസായിക തണുപ്പിക്കൽ സൗകര്യങ്ങൾ മുതലായവ ഉറപ്പാക്കേണ്ടതാണ്.
  • ചൂട് കൂടുതലുള്ള ഇടങ്ങളിൽ തൊഴിലെടുക്കുന്നവർക്ക് ഓരോ 45/ 60 മിനിറ്റ് കാലയളവിൽ ഇടവേള നൽകേണ്ടതാണ്.
  • തൊഴിലിടങ്ങളിൽ മതിയായ കുടിവെള്ളം, നിർജ്ജലീകരണം ഒഴിവാക്കുന്നതിനുളള വസ്തുക്കൾ എന്നിവയുടെ ലഭ്യത ഉറപ്പ് വരുത്തേണ്ടതാണ്.
  • ഇൻഡോർ തൊഴിലിടങ്ങളിൽ എയർകണ്ടിഷൻ അല്ലെങ്കിൽ ഫാൻ എന്നിവ ഉറപ്പാക്കേണ്ടതാണ്.
  • ഔട്ട്ഡോർ തൊഴിലിടങ്ങളിൽ തണൽ പന്തലുകൾ, പോർട്ടബിൾ ഫാൻ എന്നിവ ഉറപ്പാക്കേണ്ടതാണ്.
  • സൂര്യാഘാതത്തിന്റെ ലക്ഷണങ്ങൾ, അവ ഉണ്ടാകുന്ന സാഹചര്യങ്ങളിൽ കൈക്കൊള്ളേണ്ട നടപടികൾ എന്നിവയിൽ തൊഴിലാളികൾക്ക് ആവശ്യമായ പരിശീലനം നൽകേണ്ടതാണ്.
  • ഇതുമായി ബന്ധപ്പെട്ട് ബോധവത്‌കരണ പോസ്റ്ററുകളും മറ്റും തൊഴിലിടങ്ങളിൽ ഉറപ്പ് വരുത്തേണ്ടതാണ്.
  • തൊഴിലിടങ്ങളിലെ താപനില, ആർദ്രത എന്നിവ ദിനം തോറും നിരീക്ഷിക്കേണ്ടതാണ്.
  • പ്രമേഹം, ഹൃദ്രോഗം, കിഡ്നിസംബന്ധമായ പ്രശ്‍നങ്ങൾ തുടങ്ങിയ രോഗങ്ങളുള്ള തൊഴിലാളികളെ നേരത്തെ തന്നെ തിരിച്ചറിയേണ്ടതും, ഇവർക്ക് ആവശ്യമായ മുൻകരുതൽ നടപടികൾ ഉറപ്പാക്കേണ്ടതുമാണ്.
  • സൂര്യാഘാതം ഉണ്ടാകുന്ന സാഹചര്യത്തിൽ കൈക്കൊള്ളേണ്ട മുൻകരുതൽ നടപടികൾ സംബന്ധിച്ച ഒരു അടിയന്തിര പ്രതികരണ പദ്ധതി തയ്യാറാക്കി വെക്കേണ്ടതാണ്.