ഒമാൻ: വാക്സിൻ സംബന്ധമായ കിംവദന്തികൾ വിശ്വസിക്കരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

GCC News

ഒമാനിൽ ഡിസംബർ 27 മുതൽ ആരംഭിച്ചിട്ടുള്ള COVID-19 വാക്സിനേഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി വാക്സിൻ സ്വീകരിച്ച ആരിലും ഇതുവരെ പാര്‍ശ്വഫലങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ. അഹ്‌മദ്‌ അൽ സൈദി വ്യക്തമാക്കി. ജനുവരി 3, ഞായറാഴ്ച്ച മസ്‌കറ്റ് ഗവർണറേറ്റിലെ വിവിധ വാക്സിനേഷൻ കേന്ദ്രങ്ങൾ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഒമാനിൽ ജനുവരി 3 വരെ 7231 പേർ വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിൽ ഒരാളിൽ മാത്രമാണ് ചെറിയ രീതിയിൽ തൊലിപ്പുറത്തുള്ള തിണർപ്പ് പ്രകടമായതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ കേസിൽ പോലും ഹോസ്പിറ്റൽ ചികിത്സ ആവശ്യമായി വന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാക്സിൻ സ്വീകരിച്ച മറ്റുള്ള വ്യക്തികളിൽ ആർക്കും പാര്‍ശ്വഫലങ്ങളോ, അലർജി പോലുള്ള വിഷമതകളോ പ്രകടമായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വാക്സിൻ സുരക്ഷയെ സംബന്ധിച്ച് പ്രചരിക്കുന്ന കിംവദന്തികൾ വിശ്വസിക്കരുതെന്ന് അദ്ദേഹം ആവർത്തിച്ചു. ഇതുവരെയുള്ള കണക്കുകൾ പ്രകാരം ഈ വാക്സിൻ സുരക്ഷിതവും, ഫലപ്രദവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യ ഘട്ടത്തിൽ വാക്സിൻ സ്വീകരിക്കാൻ മുൻഗണന നൽകിയിട്ടുള്ള വിഭാഗങ്ങളിലുള്ളവരോട് എത്രയും വേഗം വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.

അതേസമയം, വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ച ശേഷവും മുൻകരുതൽ നടപടികളായ മാസ്കുകളുടെ ഉപയോഗം, സമൂഹ അകലം മുതലായ ശീലങ്ങൾ കർശനമായി തുടരണമെന്നും അദ്ദേഹം ജനങ്ങളെ ഓർമ്മപ്പെടുത്തി.

പ്രമേഹം, കിഡ്നി പ്രശ്നങ്ങൾ തുടങ്ങിയ രോഗങ്ങളുള്ള 65 വയസ്സിനു മുകളിൽ പ്രായമായവർ, വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങൾ ഉള്ളവർ, കഠിനമായ ആസ്തമ ഉള്ളവർ, ILD പോലുള്ള ശ്വാസകോശ രോഗങ്ങൾ ഉള്ളവർ, ICU ജീവനക്കാർ, COVID-19 വാർഡുകളിലെ ജീവനക്കാർ, പ്രമേഹമുള്ള ജീവനക്കാർ, നാല്പതോ അതിനു മുകളിലോ BMI ഉള്ള ജീവനക്കാർ, ഡയാലിസിസ് ചെയ്യുന്ന ജീവനക്കാർ, വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങളുള്ള ജീവനക്കാർ തുടങ്ങിയ വിഭാഗങ്ങളിൽ പെടുന്ന ആരോഗ്യ പ്രവർത്തകർ എന്നിവർക്കാണ് ഒമാനിൽ ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകാൻ മുൻഗണന നൽകിയിട്ടുള്ളത്. ഇത്തരക്കാർക്ക് ഏറ്റവും അടുത്തുള്ള വാക്സിനേഷൻ കേന്ദ്രത്തിൽ നേരിട്ടെത്തി വാക്സിൻ സ്വീകരിക്കാവുന്നതാണ്.

ഇവർ പ്രത്യേക അനുമതി ലഭിക്കുന്നതിനായി കാത്തിരിക്കേണ്ടതില്ലെന്നും, ഓരോ ആരോഗ്യ കേന്ദ്രത്തിന്റെയും പ്രവർത്തന സമയങ്ങളിൽ നേരിട്ടെത്തി വാക്സിനേഷനിൽ പങ്കെടുക്കാമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഫൈസർ, ബയോ എൻ ടെക് (BioNTech) എന്നീ കമ്പനികൾ സംയുക്തമായി നിർമ്മിക്കുന്ന COVID-19 വാക്സിനാണ് ഒമാനിൽ നിലവിൽ വാക്സിനേഷൻ പ്രവർത്തനങ്ങളിൽ ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുള്ളത്.