ഒമാൻ: COVID-19 പ്രതിരോധ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ ആരോഗ്യ മന്ത്രാലയം ജനങ്ങളോട് നിർദ്ദേശിച്ചു

GCC News

കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ. അഹ്‌മദ്‌ അൽ സൈദി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. സുപ്രീം കമ്മിറ്റി ഒമാനിൽ ഏർപ്പെടുത്തിയിട്ടുള്ള മുൻകരുതൽ മാനദണ്ഡങ്ങൾ തുടരുന്നതായും, ജനങ്ങൾ ഒത്ത് ചേരുന്നതിനുള്ള വിലക്കുകൾ പിൻവലിച്ചിട്ടില്ലെന്നും അദ്ദേഹം സമൂഹത്തെ ഓർമ്മപ്പെടുത്തി.

ജനുവരി 14-ലെ സുപ്രീം കമ്മിറ്റിയുടെ പ്രത്യേക വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചത്. ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കേണ്ടതും, പൊതു ഇടങ്ങളിൽ മാസ്കുകൾ ധരിക്കേണ്ടതും, സമൂഹ അകലം പാലിക്കേണ്ടതും പൊതുസമൂഹത്തിന്റെ സുരക്ഷ മുൻനിർത്തി പ്രധാനമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങിയിട്ടുണ്ടെങ്കിലും ജാഗ്രത തുടരേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതുജനങ്ങളോട് മുഴുവൻ മുൻകരുതൽ നിർദ്ദേശങ്ങളും വീഴ്ച്ച കൂടാതെ പാലിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. ഏതാനം ആളുകൾ ഇത്തരം നിർദ്ദേശങ്ങളെ ലാഘവത്തോടെ സമീപിക്കുന്നതും, വീഴ്ച്ചകൾ തുടരുന്നതും സുപ്രീം കമ്മിറ്റിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വാക്സിൻ നിലവിൽ ലഭ്യമാണെങ്കിലും, ഇത് COVID-19 എന്ന ഭീഷണി പൂർണ്ണമായും അകന്നു എന്ന് അർത്ഥമാക്കുന്നില്ലെന്ന് അദ്ദേഹം ജനങ്ങളെ ഓർമ്മപ്പെടുത്തി.

സമൂഹത്തിൽ വാക്സിനുകളെക്കുറിച്ച് പ്രചരിക്കുന്ന തെറ്റായ വിവരങ്ങളെക്കുറിച്ചും അദ്ദേഹം വാർത്താസമ്മേളനത്തിൽ പരാമർശിച്ചു. വാക്സിൻ സംബന്ധമായ ഇത്തരം തെറ്റായ വിവരങ്ങളും, ഊഹാപോഹങ്ങളും ദൗർഭാഗ്യകരമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരം കുപ്രചരണങ്ങൾ മൂലം ഒമാനിൽ പലരും വാക്സിനേഷനിൽ നിന്ന് വിട്ടുനിൽക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒമാനിൽ ക്വാറന്റീനിൽ തുടരുന്നവരുടെ കൈകളിൽ ധരിക്കുന്ന ട്രാക്കിംഗ് ഉപകരണം, ക്വാറന്റീൻ അവസാനിക്കുന്ന വേളയിൽ അധികൃതർക്ക് മടക്കി നൽകണമെന്നും അദ്ദേഹം ജനങ്ങളെ ഓർമ്മപ്പെടുത്തി. ഇതിൽ വീഴ്ച്ച വരുത്തുന്നവർക്ക് 1000 റിയാൽ പിഴ ചുമത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.