രാജ്യത്ത് നിന്ന് ഉംറ തീർത്ഥാടനത്തിനായി സൗദി അറേബ്യയിലേക്ക് പോകുന്ന പ്രവാസികൾക്കും, പൗരന്മാർക്കുമായി ഒമാൻ ആരോഗ്യ മന്ത്രാലയം ഒരു പ്രത്യേക മുൻകരുതൽ നിർദ്ദേശം നൽകി. ഉംറ തീർത്ഥാടനത്തിനായി യാത്ര പുറപ്പെടുന്നതിന് മുൻപായി ഇൻഫ്ലുവെൻസ വാക്സിൻ കുത്തിവെപ്പ് നിർബന്ധമായും സ്വീകരിക്കാൻ മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്.
ഗുരുതര രോഗങ്ങളുള്ളവരും, 65 വയസിന് മുകളിൽ പ്രായമുള്ളവരുമായ തീർത്ഥാടകർ യാത്രയ്ക്ക് മുൻപായി ഇൻഫ്ലുവെൻസ വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാൻ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. സൗദിയിലേക്ക് തീർത്ഥാടനത്തിനായി പ്രവേശിക്കുന്നവർക്ക് ഈ നിബന്ധന ഏർപ്പടുത്തിയിട്ടുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഏറ്റവും അടുത്തുള്ള ആരോഗ്യ പരിചരണ കേന്ദ്രങ്ങളിൽ നിന്ന് ഈ വിഭാഗങ്ങളിൽ പെടുന്നവർക്ക് വാക്സിൻ ലഭ്യമാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ശ്വാസകോശ പ്രശ്നങ്ങളിലേക്ക് നയിക്കാവുന്ന ഇൻഫ്ലുവെൻസ രോഗബാധ ഒഴിവാക്കുന്നതിനായി വാക്സിൻ വളരെ പ്രധാനമാണെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.
മുൻഗണനാ വിഭാഗങ്ങളിൽ പെടാത്ത പൗരന്മാർക്കും, പ്രവാസികൾക്കും സ്വകാര്യ ആരോഗ്യ പരിചരണ കേന്ദ്രങ്ങളിൽ നിന്ന് ഈ വാക്സിൻ ലഭ്യമാണെന്നും മന്ത്രാലയം അറിയിച്ചു.