COVID-19 വ്യാപനം കണ്ടെത്തുന്നതിനായി, ഒമാനിൽ നടപ്പിലാക്കാൻ പോകുന്ന രാജ്യവ്യാപക സർവേയുമായി ബന്ധപ്പെട്ടത് എന്ന രീതിയിൽ, ഏതാനം മൊബൈൽ നമ്പറുകളിലേക്ക് വന്നിട്ടുള്ള സന്ദേശങ്ങൾ വ്യാജമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ജൂലൈ 12 മുതൽ ആരംഭിക്കുന്ന ഈ സർവേയുമായി ബന്ധപ്പെട്ട് ആർക്കും SMS സന്ദേശങ്ങൾ അയച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം ഇന്ന് (ജൂലൈ 7) സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.
ഈ സർവേയിലേക്ക് പരിശോധനകൾക്കായി തിരഞ്ഞെടുക്കപ്പെട്ടതായി അറിയിച്ചുള്ള SMS സന്ദേശങ്ങൾ ഏതാനം പേർക്ക് ലഭിച്ചതായുള്ള വാർത്തകൾക്ക് മറുപടിയായാണ് മന്ത്രാലയം ഈ വിശദീകരണം നൽകിയത്. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ നൽകുന്ന, ഓരോ ഗവർണറേറ്റുമായി ബന്ധപ്പെട്ട ജനസംഖ്യാ വിവരങ്ങളിൽ നിന്ന്, ക്രമരഹിതമായി തിരഞ്ഞെടുക്കുന്നവരുടെ സാമ്പിളുകളാണ് സർവേയുടെ ഭാഗമായി ശേഖരിക്കുന്നത്.
ഇത്തരത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവരെ ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് നേരിട്ട് ഫോൺ വഴി ബന്ധപ്പെടുന്നതാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. പൊതുജനങ്ങളോട് ഇത്തരം വാർത്തകളുടെ സ്ഥിരീകരണത്തിനായി ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം പിന്തുടരാനും മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. രാജ്യത്തെ COVID-19 വ്യാപനത്തിന്റെ തോത് കണ്ടെത്തുന്നതിനായാണ്, ജൂലൈ 12 മുതൽ പത്ത് ആഴ്ച്ച നീണ്ടുനിൽക്കുന്ന, ഇത്തരം ഒരു സർവേ നടത്തുന്നത്. ഒമാനിലെ പൗരന്മാരുടെ ഇടയിലും, നിവാസികളുടെ ഇടയിലും ഈ സർവേ നടത്തുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ആരോഗ്യ മന്ത്രാലയം ഈ സർവേ സംബന്ധമായ കൂടുതൽ വിവരങ്ങൾ ജൂലൈ 5-നു ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.