ഒമാൻ: COVID-19 വാക്സിൻ സംബന്ധിച്ച് ഒമാനിൽ നടക്കുന്ന സർവ്വേയിൽ പങ്കെടുക്കാൻ NCSI ജനങ്ങളോട് ആഹ്വാനം ചെയ്തു

Oman

COVID-19 വാക്സിൻ സംബന്ധിച്ച് ഒമാനിൽ ടെലിഫോൺ മുഖേന നടന്നു കൊണ്ടിരിക്കുന്ന അഭിപ്രായ സർവ്വേയിൽ പങ്കാളികളാകാൻ നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫൊർമേഷൻ (NCSI) ജനങ്ങളോട് ആഹ്വാനം ചെയ്തു. ഇത്തരത്തിലുള്ള രണ്ട് അഭിപ്രായ സർവ്വേകളാണ് ഒമാനിൽ നിലവിൽ നടന്നു കൊണ്ടിരിക്കുന്നത്.

രാജ്യത്തെ ജനങ്ങൾക്കിടയിൽ COVID-19 വാക്സിൻ സംബന്ധമായി നിലനിൽക്കുന്ന അഭിപ്രായങ്ങൾ മനസ്സിലാക്കുന്നതിനും, വാക്സിനുമായി ബന്ധപ്പെട്ട ശാസ്ത്രീയമായ വസ്തുതകളിൽ അവബോധം വളർത്തുന്നതിനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഈ അഭിപ്രായ സർവ്വേകൾ ദേശീയതലത്തിൽ NCSI-യും ഒമാൻ ആരോഗ്യ മന്ത്രാലയവും ചേർന്നാണ് നടത്തുന്നത്.

“ഒമാനിലെ പൗരന്മാരുടെയും, പ്രവാസികളുടെയും ശ്രദ്ധ നിലവിൽ രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്ന രണ്ട് അഭിപ്രായ സർവ്വേകളിലേക്ക് നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫൊർമേഷൻ ക്ഷണിക്കുന്നു. COVID-19 വാക്സിൻ സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിലുള്ള ആത്മവിശ്വാസം അളക്കുന്നതിനായാണ് ഇതിൽ ഒരു സർവ്വേ ലക്ഷ്യമിടുന്നത്. രണ്ടാമത്തെ സർവ്വേ COVID-19 വാക്സിനെക്കുറിച്ച് ജനങ്ങൾക്കിടയിലെ അറിവുകൾ, നിലപാടുകൾ, തെറ്റായ ധാരണകൾ മുതലായവ അളക്കുന്നതിനും ലക്ഷ്യമിടുന്നു. 24219000 എന്ന നമ്പറിലൂടെ, ടെലിഫോൺ മുഖേനയാണ് ഈ സർവ്വേകൾ നടപ്പിലാക്കുന്നത്.”, NCSI പുറത്തിറക്കിയ അറിയിപ്പിലൂടെ വ്യക്തമാക്കുന്നു.

ഒമാൻ പൗരമാരിൽ നിന്നും, പ്രവാസികളിൽ നിന്നുമായി എല്ലാ ഗവർണറേറ്റുകളിൽ നിന്നും തിരഞ്ഞെടുത്ത 3000-ത്തോളം പേരിലാണ് സർവ്വേ നടത്തുന്നതെന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. സർവ്വേയിൽ പങ്കെടുക്കുന്നവരെ ക്രമരഹിതമായാണ് തിരഞ്ഞെടുക്കുന്നത്. ഈ സർവ്വേയ്ക്കായി തിരഞ്ഞെടുക്കപ്പെടുന്നവർ ഇതുമായി സഹകരിക്കേണ്ടത് ഒമാനിലെ പൊതു സമൂഹത്തിന്റെ സുരക്ഷ മുൻനിർത്തി പ്രാധാന്യമർഹിക്കുന്നതാണെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.