വിദേശത്ത് നിന്ന് വരുന്ന സംശയകരമായ ഫോൺ കോളുകളോട് പ്രതികരിക്കരുതെന്ന് ഒമാൻ നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ (NCSI) മുന്നറിയിപ്പ് നൽകി. 2022 നവംബർ 1-നാണ് NCSI ഇത്തരം ഒരു മുന്നറിയിപ്പ് നൽകിയത്.
പൊതു അഭിപ്രായ വോട്ടെടുപ്പുകളുടെ രൂപത്തിൽ അന്താരാഷ്ട്ര നമ്പറുകളിൽ നിന്ന് വരുന്ന ഇത്തരം ഫോൺ കോളുകളെ കുറിച്ച് ജാഗ്രത പുലർത്താൻ NCSI ജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. ഇത്തരം ഫോൺ കാളുകൾക്ക് മറുപടിയായി മറ്റു രാജ്യങ്ങളോടുള്ള ഒമാന്റെ വിദേശ നയം, ബന്ധങ്ങൾ മുതലായ വിവരങ്ങൾ, വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ എന്നിവ പങ്ക് വെക്കരുതെന്ന് ജനങ്ങളോട് അധികൃതർ ആഹ്വാനം ചെയ്തിട്ടുണ്ട്.
ഇത്തരം ഫോൺ വിളികൾ ഒമാനിലെ ഔദ്യോഗിക സ്ഥാപനങ്ങളിൽ നിന്നോ, ഒമാൻ സർക്കാരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്നോ അല്ല വരുന്നതെന്ന് NCSI വ്യക്തമാക്കി. ഒമാനിൽ സ്റ്റാറ്റിസ്റ്റിക്കൽ സർവേകൾ, പൊതു അഭിപ്രായ വോട്ടെടുപ്പുകൾ എന്നിവ നടത്തുന്ന സ്ഥാപനങ്ങൾക്കും, വ്യക്തികൾക്കും NCSI-യിൽ നിന്നുള്ള മുൻകൂർ അനുമതി നിർബന്ധമാണെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.