സാമ്പത്തിക കുറ്റകൃത്യങ്ങളും, സ്വകാര്യ വിവരങ്ങളുടെ മോഷണവും ലക്ഷ്യമിട്ടുള്ള ഇലക്ട്രോണിക് തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി റോയൽ ഒമാൻ പോലീസ്. സമ്മാനമായി പണം ലഭിക്കുന്ന വിവിധ മത്സരങ്ങളിൽ വിജയികളായി എന്ന രീതിയിൽ വരുന്ന സന്ദേശങ്ങളിൽ ഡിജിറ്റൽ തട്ടിപ്പിന്റെ ചതിക്കുഴികൾ ഒളിഞ്ഞിരിക്കുന്നതിനാൽ അവയെ പൂർണ്ണമായി അവഗണിക്കാൻ അധികൃതർ നിർദ്ദേശിച്ചു.
“വാർത്താവിനിമയ സ്ഥാപനങ്ങളിൽ നിന്നോ, ബാങ്കുകളിൽ നിന്നോ, അതല്ലെങ്കിൽ പ്രശസ്തരായവരുടെയോ, അധികാരികളുടെയോ പേരിലോ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ, ബാങ്ക് വിവരങ്ങൾ, ബാങ്ക് ഇടപാടുകൾക്ക് ഉപയോഗിക്കുന്ന പിൻ സംബന്ധമായ വിവരങ്ങൾ എന്നിവ ആവശ്യപ്പെട്ടുകൊണ്ടുവരുന്ന എല്ലാ തരത്തിലുള്ള സന്ദേശങ്ങളും അവഗണിക്കേണ്ടതാണ്. സമ്മാനങ്ങൾ, സാമ്പത്തിക സഹായങ്ങൾ മുതലായ വാഗ്ദാനങ്ങളുടെ രൂപത്തിൽ വരുന്ന സന്ദേശങ്ങളും നിങ്ങളുടെ സുരക്ഷയെ കരുതി അവഗണിക്കേണ്ടതാണ്.”, റോയൽ ഒമാൻ പോലീസ് വ്യക്തമാക്കി.
സമൂഹ മാധ്യമങ്ങളിലൂടെയോ, ഫോൺ സംഭാഷണങ്ങളിലൂടെയോ, ഡിജിറ്റൽ സന്ദേശങ്ങളിലൂടെയോ വരുന്ന ഇത്തരം തട്ടിപ്പുകൾ സാമ്പത്തിക ലാഭം ലക്ഷ്യമിട്ടുള്ളതാണെന്നും അധികൃതർ ഓർമ്മപ്പെടുത്തി. ഇത്തരം വഞ്ചനകൾ നടത്തുന്നവരെക്കുറിച്ചും, ഇതിനായി ഇവർ ഉപയോഗിക്കുന്ന രീതികളെക്കുറിച്ചും ജാഗ്രത പുലർത്താൻ അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടു.
ഇത്തരം തട്ടിപ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ 800777444 എന്ന ഹോട്ട് ലൈൻ സംവിധാനത്തിലൂടെ അധികൃതരുമായി പങ്കുവെക്കാനും ജനങ്ങളോട് പോലീസ് ആവശ്യപെട്ടിട്ടുണ്ട്.