രാജ്യത്തിന്റെ സംഗീത പൈതൃകം വിളിച്ചോതുന്ന സ്റ്റാമ്പുകളുമായി ഒമാൻ പോസ്റ്റ്

Oman

രാജ്യത്തിന്റെ പരമ്പരാഗത സംഗീതത്തെ പ്രകീര്‍ത്തിക്കുന്നതിനായി ഒമാൻ പോസ്റ്റ് 4 പുതിയ സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി. ഒമാനിലെ കാലഹരണപ്പെടാത്ത സംഗീത പൈതൃകം ലോകത്തിനു മുന്നിൽ വെളിപ്പെടുത്തുന്നതാണ് ഈ പ്രത്യേക തപാൽ മുദ്രകൾ.

ഒമാനിലെ കാവ്യകലയുടെയും, പരമ്പരാഗത സംഗീതത്തിന്റെയും സമഞ്ജസ സമ്മേളനമായ, മൈദാൻ കലാരൂപത്തിന്റെ വിവിധ രംഗങ്ങൾ ആലേഖനം ചെയ്തിട്ടുള്ള തപാൽ മുദ്രകൾ, ഈ പൈതൃക കലയോടുള്ള ആദരവും, ആരാധനയും പ്രകടമാക്കുന്നു. ഈ ശ്രേണിയിൽ പുറത്തിറക്കിയിട്ടുള്ള നാല് തപാൽ മുദ്രകളിൽ, ‘നൃത്തം’ (‘Dance’), ‘കവിയും പാട്ടുകാരനും’ (‘The Poet and the Singer’), ‘സംഗീതോപകരണങ്ങൾ’ (‘Maidan Musical Instruments’), ‘മൈദാൻ’ (‘Maidan’) എന്നിങ്ങനെ ഈ കലാമേഖലയിൽ നിന്നുള്ള നാലു വ്യത്യസ്ത കാഴ്‌ചകൾ അടയാളപ്പെടുത്തിയിരിക്കുന്നു.

“വാക്കുകളുടെയും, ആശയങ്ങളുടെയും യുദ്ധരംഗമാണ് ‘മൈദാൻ’; ഒമാൻ പൗരന്മാർ തങ്ങളുടെ ഗ്രാമങ്ങളിലും, നഗരങ്ങളിലും ഒത്തുചേർന്ന് കവിതാപാരായണം നടത്തുന്നതും, പരമ്പരാഗത സംഗീതം അവതരിപ്പിക്കുന്നതുമായ ഈ കലാരൂപം, ഒമാനിലെ നൂറ്റാണ്ടുകളായുള്ള കലാപാരമ്പര്യത്തിന്റെ നട്ടെല്ലാണ്. വരും തലമുറയ്ക്കായി ഈ പൈതൃക കലാരൂപം എക്കാലവും ഓർത്തുവെക്കുന്ന രീതിയിൽ മുദ്രണം ചെയ്യുകയാണ് ഒമാൻ പോസ്റ്റ് ഈ സ്മാരക തപാൽ മുദ്രകളിലൂടെ.”, ഒമാൻ പോസ്റ്റിലെ സ്റ്റാമ്പ് ആൻഡ് ഫിലാറ്റലി വിഭാഗം മാനേജർ റഷാദ് അൽവഹാബിയുടെ വാക്കുകൾ ഈ പ്രത്യേക ശ്രേണിയുടെ പ്രാധാന്യത്തെ പൂർണ്ണമായും വ്യക്തമാക്കുന്നു.

ഒമാനിലെ പരമ്പരാഗത സംഗീത കേന്ദ്രവുമായി ചേർന്ന് സംയുക്തമായാണ്, ഒമാൻ പോസ്റ്റ് ഈ സ്മാരക ശ്രേണി തയ്യാറാക്കിയിട്ടുള്ളത്. മുഹമ്മദ് അൽമമാരി, സമി അൽസിയാബി, ഫഹദ് അൽമമാരി, സാലിം അൽസലാമി എന്നീ ഒമാൻ ചിത്രകാരന്‍മാർ ഇവയുടെ രൂപകല്പനയിൽ പങ്കാളികളായി. 100, 200, 300, 400 ബൈസ എന്നിങ്ങനെ വിലയിട്ടുള്ള ഈ തപാൽ മുദ്രകൾ ഇപ്പോൾ ഒമാൻ പോസ്റ്റിന്റെ വിവിധ ഓഫീസുകളിൽ നിന്ന് ലഭ്യമാണ്.