ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഛായാചിത്രം ആലേഖനം ചെയ്തിട്ടുള്ള സ്മാരക സ്റ്റാമ്പ് പുറത്തിറക്കിയതായി ഒമാൻ പോസ്റ്റ് അറിയിച്ചു. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഛായാചിത്രം ആലേഖനം ചെയ്തിട്ടുള്ള ആദ്യ സ്മാരക സ്റ്റാമ്പാണിത്.
ഈ സ്റ്റാമ്പ് ഇപ്പോൾ ഫിലാറ്റലിക് ഡിപ്പാർട്മെന്റിൽ നിന്ന് വാങ്ങാവുന്നതാണെന്നും ഒമാൻ പോസ്റ്റ് അറിയിച്ചിട്ടുണ്ട്. ഒമാന്റെ ചരിത്രത്തിൽ H.M. സുൽത്താൻ ഹൈതം ബിൻ താരിഖിനെ അടയാളപ്പെടുത്തുന്നതിനായാണ് ഈ പ്രത്യേക സ്റ്റാമ്പിലൂടെ ലക്ഷ്യമിടുന്നതെന്ന് ഒമാൻ പോസ്റ്റ് വ്യക്തമാക്കി.
റുവി ബ്രാഞ്ചിലെ ഫിലാറ്റലിക് ഡിപ്പാർട്മെന്റിൽ നിന്ന് നേരിട്ടോ, 96897730684 എന്ന വാട്സ്ആപ്പ് നമ്പറിലൂടെയോ, philatelic@omanpost.om എന്ന ഇമെയിൽ വിലാസത്തിലൂടെയോ ഈ സ്മാരക സ്റ്റാമ്പ് വാങ്ങാവുന്നതാണ്. 500 ബൈസയാണ് ഈ സ്റ്റാമ്പിന്റെ വില. വെള്ള കടലാസിൽ ഓഫ്സെറ് രീതിയിൽ മുദ്രണം ചെയ്തിട്ടുള്ള ഈ സ്മാരക സ്റ്റാമ്പിന്റെ 45000 കോപ്പികളാണ് ഒമാൻ പോസ്റ്റ് പുറത്തിറക്കുന്നത്. ഇതിന് പുറമെ 4000 സുവനീർ ഷീറ്റുകളും ഒമാൻ പോസ്റ്റ് പുറത്തിറക്കിയിട്ടുണ്ട്.