രാജ്യത്തിന്റെ അമ്പതാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി H.M. സുൽത്താൻ ഹൈതം ബിൻ താരിക്കിന്റെ ഛായാചിത്രം മുദ്രണം ചെയ്ത പ്രത്യേക സ്മാരക സ്റ്റാമ്പ് ഒമാൻ പോസ്റ്റ് പുറത്തിറക്കി. ഡിസംബർ 3, വ്യാഴാഴ്ച്ച നടന്ന പ്രത്യേക ചടങ്ങിൽ H.H. സയ്യിദ് ബിലറബ് ബിൻ ഹൈതം ബിൻ താരിക്ക് അൽ സൈദാണ് ഈ പ്രത്യേക സ്മാരക സ്റ്റാമ്പ് പ്രകാശനം ചെയ്തത്.
ഒമാൻ പോസ്റ്റ്, നാഷണൽ മ്യൂസിയം എന്നിവർ സംയുക്തമായാണ് ഈ ചടങ്ങ് സംഘടിപ്പിച്ചത്. ഇതോടൊപ്പം രാജ്യത്തിന്റെ ആധുനിക നവോത്ഥാന കുതിപ്പിന്റെ അമ്പതാം വാർഷികത്തിന്റെ സ്മാരകമായുള്ള പ്രത്യേക സ്റ്റാമ്പും അദ്ദേഹം പ്രകാശനം ചെയ്തു.
ഈ ചടങ്ങിന്റെ ഭാഗമായി പുറത്തിറക്കിയ ഫസ്റ്റ് ഡേ കവറിൽ H.H. സയ്യിദ് ബിലറബ് തന്റെ അടയാളമുദ്ര പതിപ്പിച്ചു.
രാജ്യത്തിന്റെ അമ്പതാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സ്വർണ്ണവർണ്ണത്തിൽ പുറത്തിറക്കിയ സ്റ്റാമ്പിൽ H.M. സുൽത്താൻ ഹൈതം ബിൻ താരിക്കിന്റെ ഛായാചിത്രം, സുൽത്താൻ ഖാബൂസിന്റെ ഛായാചിത്രം എന്നിവ ആലേഖനം ചെയ്തിട്ടുണ്ട്.