യു എൻ എഴുപത്തഞ്ചാം വാർഷിക സ്മാരക സ്റ്റാമ്പുമായി ഒമാൻ പോസ്റ്റ്

GCC News

യുണൈറ്റഡ് നേഷൻസിന്റെ (UN) എഴുപത്തഞ്ചാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി, ഒമാൻ പോസ്റ്റ് പ്രത്യേക സ്മാരക സ്റ്റാമ്പ് പുറത്തിറക്കി. UN-ന്റെ എഴുപത്തഞ്ചാം വാർഷിക ചിഹ്നം, ഒമാൻ ദേശീയ പതാകയുടെ നിറങ്ങൾ എന്നിവയോട് കൂടിയാണ് ഈ പ്രത്യേക തപാൽ മുദ്ര തയ്യാറാക്കിയിരിക്കുന്നത്.

UN മുന്നോട്ട് വെക്കുന്ന ആശയങ്ങൾ, ലോകത്തിന്റെ ഭാവിയിൽ UN-ന്റെ പ്രാധാന്യം, ആഗോളതലത്തിലെ പരസ്പര സഹകരണത്തിന്റെ പ്രധാന്യം എന്നിവ യുണൈറ്റഡ് നേഷൻസിന്റെ എഴുപത്തഞ്ചാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ‘UN75’ എന്ന പ്രത്യേക പരിപാടിയിലൂടെ ചൂണ്ടിക്കാട്ടുന്നു. ഈ അവസരത്തിൽ ഒമാൻ പോസ്റ്റ് ഈ പ്രത്യേക തപാൽ മുദ്രയിലൂടെ UN-ന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.

UN75 Stamp by Oman Post, First Day Cover.

ആഗോളതലത്തിൽ വിവിധ രാജ്യങ്ങളെയും, ജനങ്ങളെയും കൂട്ടിയിണക്കുന്നതിലും, ആഗോളസമാധാനം ഊട്ടിയുറപ്പിക്കുന്നതിലും UN എന്നും മുൻപന്തിയിലുണ്ടെന്നും, UN മുന്നോട്ട് വെക്കുന്ന ഈ ആശയങ്ങൾ ഒമാൻ വിശ്വസിക്കുന്ന സമത്വത്തിന്റെയും, സാഹോദര്യത്തിന്റെയും ആശയങ്ങളുടെ പ്രതിഫലനമാണെന്നും ഒമാൻ പോസ്റ്റ് CEO അബ്ദുൽമലിക് അൽബലൂഷി അഭിപ്രായപ്പെട്ടു. ആഗോളതലത്തിലെ പരസ്പര സാഹോദര്യത്തിന്റെ പ്രാധാന്യവും, ഇത്തരം ഒരു കൂട്ടായ്‌മ കൊണ്ട് ലോകത്തിന് നേടാവുന്ന പുരോഗതിയെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലുമാണ് ഈ പ്രത്യേക തപാൽ മുദ്രയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

യുണൈറ്റഡ് നേഷൻസ് പോസ്റ്റൽ അഡ്മിനിസ്ട്രേഷനുമായി ചേർന്നാണ് ഒമാൻ പോസ്റ്റ് ഈ സ്റ്റാമ്പ് പുറത്തിറക്കുന്നത്. 500 ബൈസയാണ് ഈ തപാൽ മുദ്രയുടെ വില.