ഒമാനിലെ COVID-19 പ്രതിരോധത്തിന്റെ മുന്നണിയിലെ പ്രവർത്തകരെ ആദരിക്കുന്നതിനായും, അവരുടെ മഹത്തായ സേവനങ്ങളെ അംഗീകരിക്കുന്നതിനായും ഒമാൻ പോസ്റ്റ് പ്രത്യേക സ്മാരക സ്റ്റാമ്പ് പുറത്തിറക്കുന്നു. “ഒമാൻ കൊറോണയെ നേരിടുന്നു” എന്ന ആശയം ഉൾകൊള്ളുന്ന ഈ തപാൽ മുദ്ര ജൂൺ 22, 2020 മുതലാണ് ലഭ്യമാകുന്നത് എന്ന് ഒമാൻ പോസ്റ്റ് അറിയിച്ചു. 500 ബൈസയാണ് ഈ പ്രത്യേക സ്മാരക സ്റ്റാമ്പിന്റെ വില.
ഈ സ്റ്റാമ്പിന്റെ വിൽപ്പനയിൽ നിന്നുള്ള 40 ശതമാനം തുക ഒമാനിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ രാജ്യത്ത് നടപ്പിലാക്കുന്ന വിവിധ ആരോഗ്യ പ്രവർത്തനങ്ങൾക്കായി നൽകുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഡോക്ടർ, നേഴ്സ്, അണുനശീകരണ പ്രവർത്തകർ, ലാബ് ടെക്‌നിഷ്യൻ തുടങ്ങിയ COVID-19 പ്രതിരോധ പ്രവർത്തനങ്ങളുടെ വിവിധ മേഖലകളിൽ സ്വന്തം ജീവൻ പണയപ്പെടുത്തി സമൂഹത്തിനായി സേവനത്തിനിറങ്ങിയ പ്രവർത്തകരെ ഈ തപാൽ മുദ്രയിൽ ആലേഖനം ചെയ്തിട്ടുണ്ട്. ഈ പ്രത്യേക സ്റ്റാമ്പിനോടൊപ്പം തന്നെ ഒമാൻ പോസ്റ്റ് സോവനീർ ഷീറ്റ്, ഫസ്റ്റ് ഡേ കവർ എന്നിവയും പുറത്തിറക്കുന്നുണ്ട്.
നേരത്തെ, യു എ ഇയിലെ COVID-19 പ്രതിരോധ പോരാട്ടത്തിന്റെ മുൻനിരയിലെ പോരാളികളെ ആദരിക്കുന്നതിനായി എമിറേറ്റ്സ് പോസ്റ്റും ഒരു പ്രത്യേക സോവനീർ സ്റ്റാമ്പ് ഷീറ്റ് പുറത്തിറക്കിയിരുന്നു. COVID-19 സേവനരംഗത്തുള്ളവരെ ആദരിക്കുന്നതിനായി, ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആരംഭിച്ച ‘താങ്ക്യൂ ഹീറോസ്’ (#ThankYouHeroes) പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് എമിറേറ്റ്സ് പോസ്റ്റ് സ്റ്റാമ്പ് പുറത്തിറക്കിയത്.