സ്വകാര്യ വിവരങ്ങളും, ബാങ്ക് വിവരങ്ങളും ചോർത്തുന്നത് ലക്ഷ്യമിട്ടുള്ള തട്ടിപ്പിനെ കുറിച്ച് ഒമാൻ പോസ്റ്റ് മുന്നറിയിപ്പ് നൽകി

GCC News

ഒമാൻ പോസ്റ്റിൽ നിന്നുള്ള ഔദ്യോഗിക ഇമെയിൽ സന്ദേശങ്ങൾ എന്ന രൂപത്തിൽ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങളും, ബാങ്ക് വിവരങ്ങളും ചോർത്തുന്നത് ലക്ഷ്യമിട്ടുള്ള തട്ടിപ്പിനെ കുറിച്ച് അധികൃതർ മുന്നറിയിപ്പ് നൽകി. ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്നതിന് പിറകിൽ ഒരു സംഘം പ്രവർത്തിച്ച് വരുന്നതായും, പൊതു സമൂഹം ജാഗ്രത പുലർത്തണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ഇത്തരത്തിൽ ഒമാൻ പോസ്റ്റിൽ നിന്നുള്ളതെന്ന രൂപത്തിൽ വരുന്ന സന്ദേശങ്ങളുടെ കൃത്യത ഉറപ്പാക്കി മാത്രമേ പ്രതികരിക്കാവൂ എന്ന് അധികൃതർ പൗരന്മാരെയും, നിവാസികളെയും ഓർമ്മപ്പെടുത്തി. ഒരു കാരണവശാലും ഉപഭോക്താക്കൾ തങ്ങളുടെ ബാങ്ക്, പണമിടപാട് വിവരങ്ങൾ ഇത്തരം സന്ദേശങ്ങൾക്ക് മറുപടിയായി ഇമെയിലിലൂടെ പങ്ക് വെക്കരുതെന്നും ഒമാൻ പോസ്റ്റ് കൂട്ടിച്ചേർത്തു.

ഇത്തരം സന്ദേശങ്ങൾ ഉപഭോക്താക്കളിൽ നിന്ന് പണം തട്ടിയെടുക്കുന്നത് ലക്ഷ്യമിട്ട് വ്യാജമായി നിർമ്മിക്കുന്നതാണെന്ന് ഒമാൻ പോസ്റ്റ് വ്യക്തമാക്കി. ഏതാനം ഉപഭോക്താക്കൾക്ക് ഇത്തരത്തിൽ ബാങ്ക് വിവരങ്ങളും, പണവും ആവശ്യപ്പെട്ടുകൊണ്ടുള്ള വ്യാജ സന്ദേശങ്ങൾ ലഭിച്ചത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ഒമാൻ പോസ്റ്റ് ഇത്തരം ഒരു മുന്നറിയിപ്പ് നൽകിയത്.

@omanpost.om എന്ന ഡൊമെയ്ൻ വിലാസത്തിൽ നിന്നുള്ള ഇമെയിൽ വഴി മാത്രമാണ് ഒമാൻ പോസ്റ്റിന്റെ ഔദ്യോഗിക ഇമെയിൽ സന്ദേശങ്ങൾ അയക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി. ഒമാൻ പോസ്റ്റിൽ നിന്നുള്ള സന്ദേശങ്ങളാണെന്ന് ഉറപ്പാക്കുന്നതിനായി ഇമെയിൽ വിലാസം പരിശോധിക്കാനും, സംശയകരമായ വിലാസങ്ങളിൽ നിന്നുള്ള സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും, ഇമെയിലിലൂടെ പാസ്സ്‌വേർഡ്, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, ബാങ്ക് വിവരങ്ങൾ, സ്വകാര്യ വിവരങ്ങൾ എന്നിവ പങ്ക് വെക്കരുതെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഇത്തരം സന്ദേശങ്ങളെ കുറിച്ചുള്ള സംശയനിവാരണത്തിനായി +968 24170444 എന്ന നമ്പറിലൂടെ ഒമാൻ പോസ്റ്റുമായി ബന്ധപ്പെടാവുന്നതാണ്.