ഒമാൻ: പുതിയ അധ്യയന വർഷം ആരംഭിക്കുന്നത് ഓഗസ്റ്റ് 30 വരെ നീട്ടി

Oman

ഒമാനിലെ 2020-2021 അധ്യയന വർഷം ആരംഭിക്കുന്നത് ഓഗസ്റ്റ് 30, 2020 വരെ നീട്ടിയതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പുതിയ അധ്യയന വർഷത്തിലെ, സ്‌കൂൾ അധികൃതർ, ജീവനക്കാർ, അധ്യാപകർ എന്നിവരുടെ ആദ്യ പ്രവർത്തനദിനം സംബന്ധിച്ച തീരുമാനമാണ് ഓഗസ്റ്റ് 30, 2020 വരെ നീട്ടിയിട്ടുള്ളത്. ഒമാനിലെ പൊതു മേഖലയിലെയും, സ്വകാര്യ മേഖലയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഈ തീരുമാനം ബാധകമാണ്.

“പൊതു, സ്വകാര്യ വിദ്യാലയങ്ങളിലെ, 2020/2021 അധ്യയന വർഷത്തിലെ അധ്യാപകർ, സ്‌കൂൾ അധികൃതർ, ജീവനക്കാർ എന്നിവരുടെ പ്രവർത്തിദിനങ്ങൾ ആരംഭിക്കുന്നത് ഓഗസ്റ്റ് 30, ഞായറാഴ്ച്ച വരെ നീട്ടിവെക്കാൻ തീരുമാനിച്ചിരിക്കുന്നു.”, വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്നുള്ള ഔദ്യോഗിക വിജ്ഞാപനം ‘139/2020’ വ്യക്തമാക്കുന്നു. അധ്യാപകർ, സ്‌കൂൾ അധികൃതർ, ജീവനക്കാർ എന്നിവരുടെ പ്രവർത്തി ദിനങ്ങൾ ഓഗസ്റ്റ് 16 മുതൽ ആരംഭിക്കാനുള്ള മുൻ തീരുമാനം ഈ പുതിയ വിജ്ഞാപനത്തിലൂടെ റദ്ദ് ചെയ്തിട്ടുണ്ട്. 2020-2021 അധ്യയന വർഷത്തിലെ വിദ്യാർത്ഥികളുടെ പ്രവർത്തിദിനങ്ങൾ ആരംഭിക്കുന്നത് സംബന്ധിച്ച് അറിയിപ്പുകളൊന്നും നിലവിൽ ലഭിച്ചിട്ടില്ല.

2020-2021 അധ്യയന വർഷം ആരംഭിക്കുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയം രക്ഷിതാക്കൾ, അദ്ധ്യാപകർ, വിദ്യാലയങ്ങളിലെ ജീവനക്കാർ, പൊതു സമൂഹത്തിലെ മറ്റുള്ളവർ തുടങ്ങി ഏതാണ്ട് 50000-ത്തോളം പേരിൽ നിന്ന് ഓൺലൈനിലൂടെ അഭിപ്രായങ്ങൾ ശേഖരിച്ചിരുന്നു. പുതിയ അധ്യയന വർഷത്തിലെ അധ്യയന രീതികളെക്കുറിച്ചും, ഓൺലൈൻ പഠന സംവിധാനങ്ങളുടെ പ്രായോഗികതയെക്കുറിച്ചും മറ്റും വിദ്യാഭ്യാസ മന്ത്രാലയം ഈ പ്രവർത്തിയിലൂടെ അവലോകനം ചെയ്യുകയുണ്ടായി.