ഒമാൻ: സമൂഹ മാധ്യമങ്ങളിലൂടെ മറ്റുള്ളവരെ അധിക്ഷേപിക്കുന്നവർക്ക് തടവ് ശിക്ഷയും, പിഴയും ചുമത്തുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ

GCC News

രാജ്യത്ത് സമൂഹ മാധ്യമങ്ങളിലൂടെ മറ്റുള്ളവരെ അധിക്ഷേപിക്കുന്നതും, ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നതുമായ പ്രവർത്തികൾ ഗുരുതരമായ കുറ്റകൃത്യമാണെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ പൊതുസമൂഹത്തിന് മുന്നറിയിപ്പ് നൽകി. സമൂഹ മാധ്യമങ്ങളിലൂടെ മറ്റുള്ളവരെക്കുറിച്ച് അധിക്ഷേകരമായ കാര്യങ്ങൾ എഴുതുന്നതും, വ്യക്തികളെക്കുറിച്ച് തെറ്റായ വാർത്തകൾ, കിംവദന്തികൾ എന്നിവ പ്രചരിപ്പിക്കുന്നതും, മറ്റുള്ളവരെക്കുറിച്ചോ, സ്ഥാപനങ്ങളെക്കുറിച്ചോ കുറ്റമാരോപിച്ച് കൊണ്ട് വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നതും ഉൾപ്പടെയുള്ള പ്രവർത്തങ്ങൾക്കുള്ള ശിക്ഷാ നടപടികൾ പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്.

സെപ്റ്റംബർ 21-ന് വൈകീട്ടാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇത്തരം പ്രവർത്തനങ്ങൾ ഒമാനിൽ ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കുമെന്നും, ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് പരമാവധി മൂന്ന് വർഷം വരെ തടവും, 3000 റിയാൽ പിഴയും ചുമത്താവുന്നതാണെന്നും പ്രോസിക്യൂഷൻ അറിയിച്ചിട്ടുണ്ട്.

രാജ്യത്ത് സമൂഹ മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപകരമായ പ്രവർത്തികളും, അത്തരം സന്ദേശങ്ങളും വർധിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് പബ്ലിക് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. മറ്റുള്ളവർക്കെതിരെയോ, സ്ഥാപനങ്ങൾക്കെതിരെയോ ഉള്ള പരാതികൾ ചൂണ്ടിക്കാട്ടുന്നതിനുള്ള ഔദ്യോഗിക ഇടമായി സമൂഹമാധ്യമങ്ങളെ കണക്കാക്കാനാകില്ലെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം പ്രവർത്തികൾ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും, ശരിയായ പരാതികളുടെ സാഹചര്യങ്ങളിൽ പോലും ഔദ്യോഗിക അന്വേഷങ്ങളെ പ്രതികൂലമായി ബാധിക്കാമെന്നും പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു.

അതിനാൽ ഇത്തരം പ്രവണതകളിൽ നിന്ന് വിട്ട് നിൽക്കാൻ പ്രോസിക്യൂഷൻ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രവർത്തികളിലേർപ്പെടുന്നവർക്കെതിരെ ശക്തമായ നിയമനടപടികളുണ്ടാകുമെന്നും പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.