ഒമാൻ: റോഡുകളിൽ വാഹനങ്ങൾ ഉപയോഗിച്ച് കൊണ്ട് അഭ്യാസ പ്രകടനങ്ങൾ നടത്തുന്നവർക്ക് മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ

Oman

രാജ്യത്തെ റോഡുകളിൽ വാഹനങ്ങൾ ഉപയോഗിച്ച് കൊണ്ട് അഭ്യാസ പ്രകടനങ്ങൾ നടത്തുന്നതും, അപകടങ്ങളിലേക്ക് നയിക്കാവുന്ന തരത്തിൽ വാഹനങ്ങൾ കൈകാര്യം ചെയ്യുന്നതും തടവ് ശിക്ഷ ഉൾപ്പടെ ലഭിക്കാവുന്ന ഗുരുതര കുറ്റകൃത്യമാണെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. മാർച്ച് 18-നാണ് പബ്ലിക് പ്രോസിക്യൂഷൻ ഇത്തരം ഒരു റോഡ് സുരക്ഷാ ബോധവത്കരണ അറിയിപ്പ് നൽകിയത്.

ഒമാനിലെ പൊതു റോഡുകളിൽ എല്ലാ തരത്തിലുള്ള സ്റ്റുണ്ട് ഡ്രൈവിങ്ങും നിരോധിച്ചിട്ടുള്ളതാണെന്ന് പ്രോസിക്യൂഷൻ ജനങ്ങളെ ഓർമ്മപ്പെടുത്തി. രാജ്യത്തെ ട്രാഫിക്ക് നിയമങ്ങൾ പ്രകാരം റോഡുകൾ എന്നാൽ പൊതുജനങ്ങൾക്ക് തടസങ്ങൾ കൂടാതെ സഞ്ചരിക്കുന്നതിനുള്ള ഉപാധികളാണെന്നാണ് നിർവചിച്ചിരിക്കുന്നതെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. കാൽനടക്കാർ, വാഹനങ്ങൾ, ചരക്ക് ഗതാഗതം, കന്നുകാലികൾ എന്നിവയുടെയെല്ലാം സഞ്ചാരം റോഡുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്.

റോഡ്, അത്യാവശ്യ ഘട്ടങ്ങളിൽ വാഹനങ്ങൾ നിർത്തിയിടുന്നതിനുള്ള റോഡരിക്, മറ്റു പാതകൾ, ടണലുകൾ, പാലങ്ങൾ, കാൽനടക്കാർ റോഡ് മുറിച്ച് കടക്കുന്നതിനായി ഉപയോഗിക്കുന്ന സംവിധാനങ്ങൾ എന്നിവയെല്ലാം ഈ നിർവചനത്തിൽ പെടുന്നതാണെന്നും പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു. ഇത്തരം ഇടങ്ങളിലോ, അനുവദനീയമല്ലാത്ത മറ്റിടങ്ങളിലോ വാഹനങ്ങൾ ഉപയോഗിച്ച് കൊണ്ട് അഭ്യാസ പ്രകടനങ്ങൾ നടത്തുന്നത് ഒമാനിൽ 3 മാസം തടവും, 500 റിയാൽ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.