ഒമാൻ: ഏതാനം മേഖലകളിൽ വിദേശ നിക്ഷേപം നിരോധിച്ചു

GCC News

രാജ്യത്തെ ഏതാനം മേഖലകളിൽ വിദേശ നിക്ഷേപങ്ങൾ നിരോധിച്ച് കൊണ്ട് ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ടറി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ ഉത്തരവിറക്കി. ഇത് നടപ്പിലാക്കുന്നതിനായി ‘209/2020’ എന്ന പ്രത്യേക ഔദ്യോഗിക തീരുമാനവും മന്ത്രാലയം നടപ്പിലാക്കിയിട്ടുണ്ട്.

ഒമാനിലെ ദേശീയ ഉത്പന്നങ്ങളും, പ്രാദേശിക സംരംഭകത്വവും സംരക്ഷിക്കുന്നതിനായാണ് മന്ത്രാലയം ഈ തീരുമാനം നടപ്പിലാക്കുന്നത്. ഇതോടെ ഈ നിയമത്തിൽ പരാമർശിക്കുന്ന മേഖലകളിൽ നിക്ഷേപങ്ങൾ നടത്തുന്നതിനുള്ള അനുമതി ഒമാനി നിക്ഷേപകർക്ക് മാത്രമായി ചുരുങ്ങുന്നതാണ്.

ഒമാനിലെ ’50/2019′ ഉത്തരവിന് കീഴിലുള്ള ഫോറിൻ ക്യാപിറ്റൽ ഇൻവെസ്റ്റ്മെന്റ് നിയമ പ്രകാരമാണ് ഈ നടപടി. ഡിസംബർ 12-ന് വാണിജ്യ വകുപ്പ് മന്ത്രി H.E. ഖൈസ് ബിൻ മുഹമ്മദ് അൽ യൂസഫാണ് ഈ ഉത്തരവ് പുറത്തിറക്കിയത്.

രാജ്യത്തെ ചെറുകിട ഇടത്തരം സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനും, അവർക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്നതിനും ഈ തീരുമാനം സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ തീരുമാന പ്രകാരം വിദേശ നിക്ഷേപങ്ങൾ നിരോധിച്ചിട്ടുള്ള എല്ലാ മേഖലകളിലും ഒമാനി നിക്ഷേപകർക്ക് നിക്ഷേപങ്ങൾ നടത്താവുന്നതാണ്. രാജ്യത്തെ വാണിജ്യ മേഖലയിലെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ആവശ്യമെങ്കിൽ വിദേശ നിക്ഷേപം നിരോധിച്ചിട്ടുള്ള പ്രവർത്തനങ്ങളുടെ പട്ടികയിൽ മാറ്റങ്ങൾ കൊണ്ടുവരുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ഈ നീക്കത്തിലൂടെ രാജ്യത്തിന്റെ പൈതൃകവും, ദേശീയ സ്വത്വവും പ്രകടമാക്കുന്ന ഉത്പന്നങ്ങളും, സേവനങ്ങളും അതിന്റെ തനിമയോടെ നിലനിർത്താൻ സാധിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ജി സി സി രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപകരെ ഒമാനി നിക്ഷേപകർ എന്ന രീതിയിൽ കണക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ഈ തീരുമാന പ്രകാരം താഴെ പറയുന്ന പ്രധാന മേഖലകളിൽ ഒമാൻ വിദേശ നിക്ഷേപം നിരോധിച്ചിട്ടുണ്ട്:

  • ഒമാനി ഹൽവ, ഒമാനി കഠാരകൾ മുതലായവയുടെ നിർമ്മാണം, ചില്ലറ വില്പന.
  • പൈതൃകമായ ഒമാനി കരകൗശല വസ്തുക്കളുടെ വിപണനം.
  • പരമ്പരാഗതമായ വസ്ത്രങ്ങളുടെ നിർമ്മാണം, വിപണനം.
  • കുടിവെള്ളത്തിന്റെ വിപണനം, ഗതാഗതം.
  • വൈദ്യുതിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങളുടെ അറ്റകുറ്റപണികൾ. ഇവയുടെ ബാറ്ററികൾ ചാർജ്ജ് ചെയ്യുന്ന സേവനം, വാഹനങ്ങളുടെ ചക്രങ്ങളുടെ അറ്റകുറ്റപണികൾ തുടങ്ങിയവ.
  • പഴം, പച്ചക്കറി എന്നിവയുടെ മൊത്തവ്യാപാരം.
  • പാചക വാതകത്തിന്റെ വിപണനം.
  • തേനിന്റെ ചില്ലറ വ്യാപാരം.
  • വാഹനങ്ങളുടെ ഇന്ധനത്തിന്റെ വിപണനം.
  • മൊബൈൽ ഫോൺ, അനുബന്ധ ഉത്പന്നങ്ങൾ എന്നിവയുടെ വ്യാപാരം.
  • പുരാവസ്തുക്കൾ, പെയിന്റിങ്ങുകൾ എന്നിവയുടെ വിപണനം.