ഒമാനിലെ സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചിട്ടുള്ള COVID-19 മുൻകരുതൽ നിർദ്ദേശങ്ങൾ ലംഘിച്ച 10 പേരുടെ വിവരങ്ങൾ, ഫോട്ടോ സഹിതം പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ടു. നവംബർ 5, വ്യാഴാഴ്ച്ച വൈകീട്ടാണ് പബ്ലിക് പ്രോസിക്യൂഷൻ ഇവരുടെ വിവരങ്ങൾ പുറത്ത് വിട്ടത്.
ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളിൽ വീഴ്ചവരുത്തിയ ഇവർക്കെതിരെ കോടതി ശിക്ഷാ നടപടികൾ കൈക്കൊണ്ട ശേഷമാണ് പ്രോസിക്യൂഷൻ ഇവരുടെ പേരും, മറ്റു വിവരങ്ങളും പങ്ക് വെച്ചത്. അൽ ബത്തിന സൗത്ത്, അൽ ശർഖിയ സൗത്ത്, അൽ ബുറൈമി, അൽ ധഹിര ഗവര്‍ണറേറ്റുകളിലെ കോടതികളാണ് ഇവർക്കെതിരെ ശിക്ഷാ നടപടികൾ വിധിച്ചത്.
മാസ്കുകൾ ഉപയോഗിക്കുന്നതിലെ വീഴ്ച്ച, ഹോം ക്വാറന്റീൻ നിർദ്ദേശങ്ങളിലെ വീഴ്ച്ചകൾ തുടങ്ങിയ വിവിധ നിയമലംഘനങ്ങൾക്കാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തതെന്ന് അധികൃതർ വ്യക്തമാക്കി. കൊറോണ വൈറസ് പ്രതിരോധവുമായി ബന്ധപ്പെട്ട ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ ലംഘിക്കുന്നവരുടെ പേര്, ഫോട്ടോ മുതലായ വിവരങ്ങൾ വിവിധ മാധ്യമങ്ങളിലൂടെ പുറത്ത് വിടുമെന്ന് റോയൽ ഒമാൻ പോലീസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തരം ലംഘനങ്ങൾ നടത്തുന്നവരെ പൊതുസമൂഹത്തിനു മുന്നിൽ കൊണ്ടുവരുന്നതിനായാണ് ഈ നടപടി.