COVID-19 മുൻകരുതൽ നിർദ്ദേശങ്ങളുടെ ലംഘനം: 4 പേരുടെ വിവരങ്ങൾ ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ടു

Oman

ഒമാനിലെ സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചിട്ടുള്ള COVID-19 മുൻകരുതൽ നിർദ്ദേശങ്ങൾ ലംഘിച്ച 4 പേരുടെ വിവരങ്ങൾ, ഫോട്ടോ സഹിതം പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ടു. നവംബർ 19-ന് വൈകീട്ടാണ് പബ്ലിക് പ്രോസിക്യൂഷൻ ഇവരുടെ വിവരങ്ങൾ പുറത്ത് വിട്ടത്.

പബ്ലിക് പ്രോസിക്യൂഷൻ വിവരങ്ങൾ പുറത്ത് വിട്ടവരിൽ 3 പേർ പ്രവാസികളും, ഒരാൾ ഒമാൻ പൗരനുമാണ്. ഹോം ക്വാറന്റീൻ നിബന്ധനകളിലെ വീഴ്ചകൾ, രാത്രികാല യാത്ര നിയന്ത്രണങ്ങളുടെ ലംഘനം തുടങ്ങിയ നിയമലംഘനങ്ങൾക്കാണ് ഇവരെ അറസ്റ്റ് ചെയ്തത്. തുടർന്ന് ഇവരെ കോടതികളിൽ ഹാജരാക്കുകയായിരുന്നു.

ഇവർക്കെതിരെ കോടതി ശിക്ഷാ നടപടികൾ കൈക്കൊണ്ട ശേഷമാണ് പ്രോസിക്യൂഷൻ ഇവരുടെ പേരും, മറ്റു വിവരങ്ങളും പങ്ക് വെച്ചത്. നവംബർ 15 മുതൽ 19 വരെയുള്ള കാലയളവിലാണ് ഇവർക്ക് മസ്കറ്റ്, സൗത്ത് അൽ ബത്തീന, അൽ ധഖികിയ എന്നീ ഗവർണറേറ്റുകളിലെ കോടതികൾ ശിക്ഷ വിധിച്ചത്. 6 മാസം വരെ തടവ്, 1000 റിയാൽ വരെ പിഴ തുടങ്ങിയ വിവിധ ശിക്ഷകളാണ് ഇവർക്ക് ലഭിച്ചത്. ഇതിന് പുറമെ ശിക്ഷ ലഭിച്ച 2 പ്രവാസികളെ നാട് കടത്തുമെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്.

കൊറോണ വൈറസ് പ്രതിരോധവുമായി ബന്ധപ്പെട്ട ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ ലംഘിക്കുന്നവരുടെ പേര്, ഫോട്ടോ മുതലായ വിവരങ്ങൾ വിവിധ മാധ്യമങ്ങളിലൂടെ പുറത്ത് വിടുമെന്ന് റോയൽ ഒമാൻ പോലീസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തരം ലംഘനങ്ങൾ നടത്തുന്നവരെ പൊതുസമൂഹത്തിനു മുന്നിൽ കൊണ്ടുവരുന്നതിനായാണ് ഈ നടപടി.