ഒമാനിലെ സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചിട്ടുള്ള COVID-19 സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങൾ ലംഘിച്ച 6 പേരുടെ വിവരങ്ങൾ, ഫോട്ടോ സഹിതം പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ടു. 2021 ഏപ്രിൽ 1-നാണ് പബ്ലിക് പ്രോസിക്യൂഷൻ ഇവരുടെ വിവരങ്ങൾ പുറത്ത് വിട്ടത്.
ഒമാനിലെ പൊതു സമൂഹത്തിന്റെ സുരക്ഷയ്ക്കായി ഏർപ്പെടുത്തിയിട്ടുള്ള മുൻകരുതൽ നിർദ്ദേശങ്ങൾ മറികടന്നതായി കണ്ടെത്തിയ ഇവരിൽ നാല് പേർ ഇറാൻ പൗരന്മാരും, ഒരാൾ ബംഗ്ലാദേശി പൗരനും, ഒരാൾ ഉസ്‌ബെക്കിസ്ഥാൻ പൗരനുമാണ്. ഇൻസ്റ്റിറ്റ്യുഷണൽ ക്വാറന്റീൻ നടപടികളിൽ വീഴ്ച്ച വരുത്തിയതിനും, ട്രാക്കിംഗ് ഡിവൈസ് നിയമം ലംഘിച്ച് ഊരിമാറ്റിയതിനും, നിയമം ലംഘിച്ച് ഒത്ത് ചേർന്നതിനും, പൊതു ഇടങ്ങളിൽ മാസ്കുകൾ ധരിക്കാത്തതിനുമാണ് ഇവർക്കെതിരെ നിയമനടപടികൾ കൈകൊണ്ടിട്ടുള്ളത്. ഇവരെ അറസ്റ്റ് ചെയ്യുകയും, തുടർന്ന് കോടതികളിൽ ഹാജരാക്കുകയുമായിരുന്നു.
ഇവർക്കെതിരെ ദാഖിലിയ, മസ്കറ്റ്, നോർത്ത് ബതീന ഗവർണറേറ്റുകളിലെ കോടതികൾ ശിക്ഷാ നടപടികൾ കൈക്കൊണ്ട ശേഷമാണ് പ്രോസിക്യൂഷൻ ഇവരുടെ പേരും, മറ്റു വിവരങ്ങളും പങ്ക് വെച്ചത്. ഇവർക്ക് 3 മാസത്തെ തടവും, 1000 റിയാൽ പിഴയും ശിക്ഷയായി വിധിച്ചിട്ടുണ്ട്. ഇവരെ തടവ് കാലാവധിക്ക് ശേഷം ഒമാനിൽ നിന്ന് നാട് കടത്തുമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.