ഒമാൻ: COVID-19 സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ച്ച വരുത്തിയ 8 പേരുടെ വിവരങ്ങൾ പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ടു

GCC News

ഒമാനിലെ സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചിട്ടുള്ള COVID-19 സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങൾ ലംഘിച്ച 8 പേരുടെ വിവരങ്ങൾ, ഫോട്ടോ സഹിതം പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ടു. 2021 ഏപ്രിൽ 22-നാണ് പബ്ലിക് പ്രോസിക്യൂഷൻ ഇവരുടെ വിവരങ്ങൾ പുറത്ത് വിട്ടത്. ഏഴു പേർ പ്രവാസികളും, ഒരാൾ ഒമാൻ പൗരനുമാണ്.

https://twitter.com/oman_pp/status/1385264980153540609

ഒമാനിലെ പൊതു സമൂഹത്തിന്റെ സുരക്ഷയ്ക്കായി ഏർപ്പെടുത്തിയിട്ടുള്ള മുൻകരുതൽ നിർദ്ദേശങ്ങൾ മറികടന്നതായി കണ്ടെത്തിയ ഇവരിൽ 5 പേർ ബംഗ്ലാദേശി പൗരന്മാരും, രണ്ട് പേർ ഇന്ത്യൻ പൗരന്മാരും, ഒരാൾ ഒമാൻ പൗരനുമാണ്. ഇൻസ്റ്റിറ്റ്യുഷണൽ ക്വാറന്റീൻ നടപടികളിൽ വീഴ്ച്ച വരുത്തിയതിനും, നിയമം ലംഘിച്ച് ഒത്ത് ചേർന്നതിനും, വാണിജ്യ പ്രവർത്തനങ്ങൾക്കേർപ്പെടുത്തിയ വിലക്കുകൾ മറികടന്നതിനും, നിയമം ലംഘിച്ച് തറാവീഹ് പ്രാർത്ഥനകളിൽ പങ്കെടുത്തതിനും, പൊതു ഇടങ്ങളിൽ മാസ്കുകൾ ധരിക്കാത്തതിനുമാണ് ഇവർക്കെതിരെ നിയമനടപടികൾ കൈകൊണ്ടിട്ടുള്ളത്. ഇവരെ അറസ്റ്റ് ചെയ്യുകയും, തുടർന്ന് കോടതികളിൽ ഹാജരാക്കുകയുമായിരുന്നു.

ഇവർക്കെതിരെ സൗത്ത് അൽ ബതീന, നോർത്ത് അൽ ബതീന മസ്കറ്റ്, നോർത്ത് അൽ ശർഖിയ ഗവർണറേറ്റുകളിലെ കോടതികൾ ശിക്ഷാ നടപടികൾ കൈക്കൊണ്ട ശേഷമാണ് പ്രോസിക്യൂഷൻ ഇവരുടെ പേരും, മറ്റു വിവരങ്ങളും പങ്ക് വെച്ചത്. ഇവർക്ക് ഒരു മാസം മുതൽ മൂന്ന് മാസം വരെ തടവും, 400 മുതൽ 1200 റിയാൽ വരെ പിഴയും ഉൾപ്പടെയുള്ള വിവിധ ശിക്ഷകൾ വിധിച്ചിട്ടുണ്ട്. ഇതിൽ അഞ്ച് പേരെ ഒമാനിൽ നിന്ന് നാട് കടത്തുമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.