ബാലവേലയുൾപ്പടെ കുട്ടികൾക്കെതിരെയുള്ള വിവിധ ചൂഷണങ്ങൾക്കെതിരെ മുന്നറിയിപ്പുമായി ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ

GCC News

ബാലവേലയുൾപ്പടെ രാജ്യത്ത് കുട്ടികൾക്കെതിരെ വിവിധ തരത്തിലുള്ള ചൂഷണങ്ങൾ നടത്തുന്നവർക്ക് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. നവംബർ 19-ന് സമൂഹ മാധ്യമങ്ങളിലൂടെയാണ് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

കുട്ടികൾക്കെതിരെയുള്ള എല്ലാ തരം ചൂഷണങ്ങളും രാജ്യത്ത് കുറ്റകൃത്യമായി കണക്കാക്കുമെന്നും, ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് കഠിനമായ ശിക്ഷ ലഭിക്കുമെന്നും പ്രോസിക്യൂഷൻ ഓർമ്മപ്പെടുത്തി. അടിമ കച്ചവടം, പരിചാരകവൃത്തി, നിർബന്ധിത തൊഴിൽ തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ കുട്ടികളെ വേലയെടുപ്പിക്കാൻ ഉദ്ദേശിച്ച് കൊണ്ടുള്ള എല്ലാ പ്രവർത്തനങ്ങളും ഒമാനിൽ ക്രിമിനൽ കുറ്റകൃത്യമായി കണക്കാക്കുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി.

ഇത്തരം ചൂഷണ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് മറ്റു രാജ്യങ്ങളിൽ നിന്ന് കുട്ടികളെ രാജ്യത്തേക്ക് കൊണ്ടുവരുന്നതും ഇതേ നിയമപ്രകാരം കുറ്റകൃത്യമാണ്. ഇത്തരം ചൂഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കും, കുട്ടികളെ ഉപദ്രവിക്കുന്നവർക്കും 15 വർഷം വരെ തടവും, 10000 റിയാൽ പിഴയും ശിക്ഷയായി ലഭിക്കുമെന്നും പബ്ലിക് പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു.