സമൂഹ മാധ്യമങ്ങളിലൂടെയോ, മറ്റു മാധ്യമങ്ങളിലൂടെയോ കൊറോണ വൈറസ് ചികിത്സ സംബന്ധിച്ച വ്യാജമായതോ, തെറ്റായതോ ആയ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ കൈക്കൊള്ളുമെന്ന് ഒമാനിലെ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
ഒമാനിലെ നിയമപ്രകാരം സമൂഹത്തിൽ തെറ്റിദ്ധാരണ പടർത്തുന്ന തരത്തിലുള്ള, തെറ്റായതും, വ്യാജമായതുമായ വാർത്തകൾ, വിവരങ്ങൾ, ഊഹാപോഹങ്ങൾ മുതലായവ പ്രസിദ്ധീകരിക്കുന്നതും, പങ്കു വെക്കുന്നതും മൂന്ന് വർഷം വരെ തടവ്ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് അധികൃതർ ഓർമ്മപ്പെടുത്തി. COVID-19 രോഗബാധയ്ക്കുള്ള മരുന്നുകൾ കണ്ടെത്തി എന്നതരത്തിലുള്ള വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതും ഈ നിയമത്തിന്റെ കീഴിൽ ശിക്ഷാർഹമാണെന്ന് രാജ്യത്തെ പൗരന്മാരെയും, നിവാസികളെയും അഭിസംബോധന ചെയ്തുകൊണ്ടുള്ള അറിയിപ്പിൽ പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.