ഒമാനിലെ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ എണ്ണത്തിൽ നാൽപ്പത്തേഴ് ശതമാനത്തോളം വർദ്ധനവ് രേഖപ്പെടുത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. 2022 മെയ് മാസം അവസാനം വരെ ഒമാൻ സ്മാൾ ആൻഡ് മീഡിയം എന്റർപ്രൈസ് ഡവലപ്മെന്റ് അതോറിറ്റിയുടെ കീഴിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 46.9 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ പുറത്ത് വിട്ട കണക്കുകൾ ഉദ്ധരിച്ച് കൊണ്ട് 2022 ജൂൺ 27-ന് ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 2022 മെയ് വരെ 78089 ഇത്തരം സ്ഥാപനങ്ങളാണ് അതോറിറ്റിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
2021-ൽ ഇതേ കാലയളവിൽ 53166 സ്ഥാപനങ്ങളാണ് അതോറിറ്റിയുടെ കീഴിൽ രജിസ്റ്റർ ചെയ്തിരുന്നത്. 2022 മെയ് വരെ വരെയുള്ള കാലയളവിൽ മുസന്ദം ഗവർണറേറ്റിലാണ് ഏറ്റവും കൂടുതൽ ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾ ആരംഭിച്ചിട്ടുള്ളത്.