രാജ്യത്തെ പ്രവാസികളുടെ വർക്ക് പെർമിറ്റുമായി ബന്ധപ്പെട്ട ഫീസ് കുറയ്ക്കാൻ ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് അധികൃതർക്ക് നിർദ്ദേശം നൽകി. 2022 മാർച്ച് 13-നാണ് അദ്ദേഹം ബന്ധപ്പെട്ട അധികൃതർക്ക് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്.
ഒമാനിൽ പ്രവാസി തൊഴിലാളികളെ നിയമിക്കുന്നതിനായുള്ള വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതും, പുതുക്കുന്നതുമായി ബന്ധപ്പെട്ട ഫീസ് കുറയ്ക്കുന്നതിനാണ് അദ്ദേഹം നിർദ്ദേശിച്ചിരിക്കുന്നത്. 2022 മാർച്ച് 13-ന് അൽ ആലം കൊട്ടാരത്തിൽ വെച്ച് മസ്കറ്റ്, സൗത്ത് അൽ ബത്തീന, മുസന്ദം എന്നിവിടങ്ങളിലെ ഷെയ്‌ഖുമാരുമായി നടത്തിയ കൂടികാഴ്ച്ചയിലാണ് അദ്ദേഹം ഈ നിർദ്ദേശം നൽകിയത്.
ഈ തീരുമാനത്തിന്റെ ഭാഗമായി സ്വദേശിവത്കരണ നടപടികൾ പൂർത്തിയാക്കിയിട്ടുള്ള സ്ഥാപനങ്ങൾക്ക് പ്രവാസികളെ നിയമിക്കുന്നതിൽ വർക്ക് പെർമിറ്റ് ഫീസ് ഇനത്തിൽ ഏതാണ്ട് 89 ശതമാനത്തോളം ഇളവ് ലഭിക്കുന്നതാണ്. താഴെ പറയുന്ന രീതിയിലാണ് പ്രവാസികളുടെ വർക്ക് പെർമിറ്റ് ഫീസ് കുറയ്ക്കുന്നത്:
- സ്ഥാപനങ്ങളിലെ ഉന്നത തസ്തികകളിലേക്ക് പ്രവാസികളെ നിയമിക്കുന്നതിനുള്ള വർക്ക് പെർമിറ്റ് ഫീസ് രണ്ട് വർഷത്തേക്ക് 301 റിയാലാക്കി കുറയ്ക്കുന്നതാണ്. നേരത്തെ ഈ തുക 2001 റിയാലായിരുന്നു. സ്വദേശിവത്കരണ നടപടികൾ പൂർത്തിയാക്കുന്ന സ്ഥാപനങ്ങൾക്ക് ഈ ഫീസ് 211 റിയാലാക്കി നിശ്ചയിച്ചിട്ടുണ്ട്.
- സവിശേഷ കഴിവുകൾ ആവശ്യമായ തസ്തികകളിലേക്കും, സാങ്കേതിക തസ്തികകളിലേക്കും, ഇടത്തരം തസ്തികകളിലേക്കും മറ്റും പ്രവാസികളെ നിയമിക്കുന്നതിനുള്ള വർക്ക് പെർമിറ്റ് ഫീസ് 251 റിയാലാക്കി കുറയ്ക്കുന്നതാണ്. നേരത്തെ ഈ പെർമിറ്റുകൾക്ക് 601 മുതൽ 1001 റിയാൽ വരെ ഈടാക്കിയിരുന്നു. സ്വദേശിവത്കരണ നടപടികൾ പൂർത്തിയാക്കുന്ന സ്ഥാപനങ്ങൾക്ക് ഈ ഫീസ് 176 റിയാലാക്കി നിശ്ചയിച്ചിട്ടുണ്ട്.
- മറ്റു തസ്തികകളിലേക്കുള്ള ഫീസ് 201 റിയാലാക്കി നിശ്ചയിച്ചിട്ടുണ്ട്. നേരത്തെ 301 മുതൽ 361 റിയാൽ വരെ ഈടാക്കിയിരുന്നു. സ്വദേശിവത്കരണ നടപടികൾ പൂർത്തിയാക്കുന്ന സ്ഥാപനങ്ങൾക്ക് ഈ ഫീസ് 141റിയാലാക്കി നിശ്ചയിച്ചിട്ടുണ്ട്.