ഒമാൻ: താത്കാലികമായി അടച്ചിരുന്ന മുഴുവൻ വിനോദസഞ്ചാര കേന്ദ്രങ്ങളും തുറന്നു

GCC News

രാജ്യത്ത് കനത്തമഴയെത്തുടർന്ന് താത്കാലികമായി അടച്ചിരുന്ന മുഴുവൻ വിനോദസഞ്ചാര കേന്ദ്രങ്ങളും വീണ്ടും തുറന്നതായി ഒമാൻ സിവിൽ ഡിഫെൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (CDAA) അറിയിച്ചു. 2022 ജൂലൈ 14 മുതലാണ് ഒമാനിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സന്ദർശകർക്ക് വീണ്ടും പ്രവേശനം നൽകുന്നത് പുനഃരാരംഭിച്ചത്.

2022 ജൂലൈ 14-ന് വൈകീട്ടാണ് CDAA ഇക്കാര്യം അറിയിച്ചത്. ഈ അറിയിപ്പ് പ്രകാരം ദോഫാർ ഗവർണറേറ്റിലെ അൽ മുഖ്സെയ്ൽ ബീച്ച് ഒഴികെയുള്ള എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും വീണ്ടും തുറന്നിട്ടുണ്ട്.

ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ അൽ മുഖ്സെയ്ൽ ബീച്ചിലേക്ക് പ്രവേശനം അനുവദിക്കുന്നതല്ല. കഴിഞ്ഞ ഞായറാഴ്ച ഈ ബീച്ചിൽ ഉണ്ടായ അപകടത്തിൽ കാണാതായവരെ കണ്ടെത്തുന്നതിനുള്ള തിരച്ചിൽ നടക്കുന്നതിനാലാണിത്.

അതിശക്തമായ മഴയെത്തുടർന്ന് രാജ്യത്തെ മുഴുവൻ വിനോദസഞ്ചാര കേന്ദ്രങ്ങളും CDAA 2022 ജൂലൈ 10, ഞായറാഴ്ച രാത്രി മുതൽ താത്കാലികമായി അടച്ചിരിക്കുകയായിരുന്നു. രാജ്യത്തിന്റെ വിവിധ മേഖലകളിൽ പ്രതികൂല കാലാവസ്ഥയെത്തുടർന്ന് നിരവധി പേരെ കാണാതാവുകയും, ഏതാനം മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലായിരുന്നു ഇത്തരം ഒരു നടപടി.

Cover Image: Al Jabal Al Akhdar, Oman News Agency.