ഒമാനിൽ കൊറോണാ വൈറസ് ബാധയെത്തുടർന്ന് ഒരാൾ മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 72 വയസുള്ള ഒരു ഒമാൻ പൗരനാണ് മരിച്ചത്. രാജ്യത്തു നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ മരണമാണിത്.
ഏപ്രിൽ 1-നു പുതിയതായി 18 പേർക്ക് കൂടി COVID-19 കണ്ടെത്തിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതോടെ ഒമാനിൽ ആകെ കൊറോണാ വൈറസ് ബാധിച്ചവരുടെ എണ്ണം 210 ആയി.
രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന COVID-19 കേസുകളിൽ വർദ്ധനവ് ഉണ്ടായതോടെ ഒമാനിലെ മുത്ര പ്രവിശ്യ പൂർണ്ണമായും അടച്ചിടാൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്. ഏപ്രിൽ 1 മുതൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഈ പ്രവിശ്യയെ മുഴുവനായും ഐസൊലേറ്റ് ചെയ്യാനാണ് തീരുമാനം. ഈ മേഖലയിലേക്കുള്ള റോഡുകൾ അടച്ചിട്ടുണ്ട്. ആവശ്യ വസ്തുക്കൾ, മരുന്നുകൾ എന്നിവ എത്തിക്കുന്നതിനുള്ള വാഹനങ്ങൾക്ക് മാത്രമായിരിക്കും പ്രവേശനമെന്ന് അധികൃതർ വ്യക്തമാക്കി.