ഒമാൻ: വിദ്യാലയങ്ങളിൽ നേരിട്ടുള്ള അധ്യയനം താത്കാലികമായി നിർത്തലാക്കുന്നു; സർക്കാർ ഓഫീസുകളിൽ 50% ജീവനക്കാർക്ക് പ്രവേശനം

GCC News

രാജ്യത്തെ COVID-19 സാഹചര്യം കണക്കിലെടുത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഒമാൻ സുപ്രീം കമ്മിറ്റി അറിയിച്ചു. മാർച്ച് 31-ന് ഒമാൻ ആഭ്യന്തര വകുപ്പ് മന്ത്രി സായിദ് ഹമൗദ് ഫൈസൽ അൽ ബുസൈദിയുടെ നേതൃത്വത്തിൽ ചേർന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്.

ഒമാനിലെ നിലവിലെ രോഗസാഹചര്യങ്ങളും, രാജ്യത്തെ COVID-19 രോഗവ്യാപനം തടയുന്നതിനായുള്ള വിവിധ പ്രതിരോധ മാർഗങ്ങളും സുപ്രീം കമ്മിറ്റി ഈ യോഗത്തിൽ സമഗ്രമായി വിശകലനം ചെയ്തു. രാജ്യത്തെ വിദ്യാലയങ്ങളിലെ അധ്യാപകർ ഉൾപ്പടെയുള്ള ജീവനക്കാരിലും, വിദ്യാർത്ഥികളിലും രോഗബാധ ഉയരുന്നതായി സുപ്രീം കമ്മിറ്റി നിരീക്ഷിച്ചു.

താഴെ പറയുന്ന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനാണ് സുപ്രീം കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചിരിക്കുന്നത്.

  • രാജ്യത്തെ മുഴുവൻ സ്വകാര്യ വിദ്യാലയങ്ങളിലും 2021 ഏപ്രിൽ 4 മുതൽ വിദ്യാർത്ഥികൾ നേരിട്ട് ഹാജരാകുന്ന പഠന രീതി താത്കാലികമായി നിർത്തലാക്കാനും, വിദൂര വിദ്യാഭ്യാസ രീതി നടപ്പിലാക്കാനും സുപ്രീം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെയാണ് ഈ തീരുമാനം. പന്ത്രണ്ടാം ക്‌ളാസ് വിദ്യാർത്ഥികൾക്ക് ഈ തീരുമാനം ബാധകമല്ല.
  • 2021 ഏപ്രിൽ 1 മുതൽ എല്ലാ ഔദ്യോഗിക, സ്വകാര്യ സ്പോർട്സ് മത്സരങ്ങളും താത്‌കാലികമായി റദ്ദാക്കുന്നതാണ്.
  • 2021 ഏപ്രിൽ 4 മുതൽ സർക്കാർ മേഖലയിലെ ഓഫീസുകളിലെ നേരിട്ട് ഹാജരാകുന്ന ജീവനക്കാരുടെ എണ്ണം 50 ശതമാനമാക്കി നിയന്ത്രിക്കുന്നതാണ്. നേരിട്ട് ഹാജരാകാത്ത ജീവനക്കാർക്ക് റിമോട്ട് വർക്കിംഗ് സമ്പ്രദായം നടപ്പിലാക്കുന്നതാണ്.