ഒമാൻ: ഏതാനം സാങ്കേതിക മേഖലകളിൽ സ്വദേശിവത്കരണം നടപ്പിലാക്കാൻ തീരുമാനം

Oman

രാജ്യത്തെ സർക്കാർ വകുപ്പുകളുടെയും, സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള വെബ് ഡിസൈൻ, സിസ്റ്റംസ് ഡെവലപ്മെന്റ്, സിസ്റ്റംസ് അനാലിസിസ്, ടെക്‌നിക്കൽ സപ്പോർട്ട് തുടങ്ങിയ തസ്തികകൾ ഒമാൻ പൗരന്മാർക്ക് മാത്രമായി നിജപ്പെടുത്താൻ തീരുമാനിച്ചു. ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി പുറത്തിറക്കിയ ഒരു ഔദ്യോഗിക വിജ്ഞാപനത്തിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ കമ്മ്യൂണിക്കേഷൻസ്, ഇൻഫർമേഷൻ ടെക്നോളജി തസ്തികളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിനായാണ് ഈ തീരുമാനമെന്ന് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് മന്ത്രി H.E. എൻജിനീയർ സൈദ് ബിൻ ഹമൗദ് ബിൻ സൈദ് അൽ മാവലി വ്യക്തമാക്കി. ഒമാൻ പൗരന്മാരുടെ സാങ്കേതിക തികവ് ഉയർത്തുന്നതിനും ഈ തീരുമാനം സഹായകമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വെബ് ഡിസൈൻ, സിസ്റ്റംസ് ഡെവലപ്മെന്റ്, സിസ്റ്റംസ് അനാലിസിസ് എന്നിവയ്ക്ക് പുറമെ കമ്പ്യൂട്ടർ ടെക്‌നീഷ്യൻ, കമ്പ്യൂട്ടർ എൻജിനീയർ, ഇലക്ട്രോണിക് കമ്പ്യൂട്ടർ ടെക്‌നീഷ്യൻ, ഇലക്ട്രോണിക് കമ്പ്യൂട്ടർ എൻജിനീയർ ഉൾപ്പടെയുള്ള ടെക്‌നിക്കൽ സപ്പോർട്ട് പദവികൾക്കും ഈ തീരുമാനം ബാധകമാകുന്നതാണ്.

ഈ തീരുമാനം നടപ്പിലാക്കുന്നതിനും, ഇത് പ്രകാരമുള്ള തസ്തികകളിലേക്ക് ഒമാൻ പൗരന്മാരെ മാത്രം നിയമിക്കുന്നതിനും വിവിധ സർക്കാർ വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.