ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി കുവൈറ്റിലെത്തിയ ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖിനെ കുവൈറ്റ് ഭരണാധികാരി H.H. എമിർ ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ് സ്വീകരിച്ചു. 2024 മെയ് 13-നാണ് ഒമാൻ ഭരണാധികാരി കുവൈറ്റിലെത്തിയത്.
രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് ഒമാൻ ഭരണാധികാരി കുവൈറ്റിലെത്തിയിരിക്കുന്നത്. കുവൈറ്റിലെ അമീരി വിമാനത്താവളത്തിലെത്തിയ ഒമാൻ ഭരണാധികാരിയെയും പ്രതിനിധി സംഘത്തെയും കുവൈറ്റ് ഭരണാധികാരി സ്വീകരിച്ചു.
കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അൽ സബാഹ്, ഷെയ്ഖ് സബാഹ് ഖാലിദ് ഹമദ് അൽ സബാഹ്, ഡെപ്യൂട്ടി പ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് യൗസേഫ് സൗദ് അൽ സബാഹ്, ഒമാനിലെ കുവൈറ്റ് അംബാസഡർ ഡോ. മുഹമ്മദ് നാസിർ അൽ ഹജ്‌രി, മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവർ കുവൈറ്റ് ഭരണാധികാരിയെ അനുഗമിച്ചു. ഒമാൻ ഭരണാധികാരിയ്ക്കായി വിമാനത്താവളത്തിൽ ഗാർഡ് ഓഫ് ഹോണർ ഒരുക്കിയിരുന്നു.
തുടർന്ന് ഒമാൻ ഭരണാധികാരിയെയും, പ്രതിനിധി സംഘത്തെയും കുവൈറ്റ് സിറ്റിയിലുള്ള കുവൈറ്റ് ഭരണാധികാരിയുടെ കൊട്ടാരമായ ബയാൻ പാലസിലേക്ക് മോട്ടോർവാഹന ഘോഷയാത്രയായി ആനയിച്ചു. ഇരുരാജ്യങ്ങളുടെയും ഭരണാധികാരികൾ ഔദ്യോഗിക കൂടിക്കാഴ്ച്ചകൾ നടത്തി.
Cover Image: Oman News Agency.