COVID-19 വാക്സിനെടുക്കാത്തവർക്ക് രാജ്യത്തെ പൊതു, സ്വകാര്യ സ്ഥാപനങ്ങളിലേക്ക് പ്രവേശനം വിലക്കുന്നതുമായി ബന്ധപ്പെട്ട്, നിലവിൽ ഒരു ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുള്ളവർക്ക് ഒരു നിശ്ചിത കാലയളവിലേക്ക് ഈ തീരുമാനത്തിൽ ഇളവ് അനുവദിക്കുമെന്ന് ഒമാൻ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് സെന്റർ (GC) അറിയിച്ചു. ഇത്തരം സ്ഥാപനങ്ങളിലെത്തുന്ന ഒരു ഡോസ് വാക്സിനെടുത്ത ജീവനക്കാർക്കും, സന്ദർശകർക്കും വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കുന്നതിന് അനുവദിച്ചിട്ടുള്ള അന്തിമ തീയതികൾ സംബന്ധിച്ച് ഈ അറിയിപ്പിൽ GC വ്യക്തമാക്കിയിട്ടുണ്ട്.
ഈ അറിയിപ്പ് പ്രകാരം ഒരു ഡോസ് വാക്സിനെടുത്തവരുടെ പൊതു, സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം സംബന്ധിച്ച് താഴെ പറയുന്ന കാര്യങ്ങളാണ് GC അറിയിച്ചിരിക്കുന്നത്:
- രാജ്യത്തെ പൊതു, സ്വകാര്യ സ്ഥാപനങ്ങളിലെ ഒരു ഡോസ് വാക്സിനെടുത്തവരായ ജീവനക്കാർക്ക് 2021 സെപ്റ്റംബർ 30 വരെ പ്രവേശനം അനുവദിക്കുന്നതാണ്. ഇത്തരം ജീവനക്കാർക്ക് മുഴുവൻ ഡോസ് കുത്തിവെപ്പുകളും പൂർത്തിയാക്കാതെ സെപ്റ്റംബർ 30-ന് ശേഷം പ്രവേശനം നൽകുന്നതല്ല.
- രാജ്യത്തെ പൊതു, സ്വകാര്യ സ്ഥാപനങ്ങളിലെത്തുന്ന ഒരു ഡോസ് വാക്സിനെടുത്തവരായ ഉപഭോക്താക്കൾ, സന്ദർശകർ എന്നീ വിഭാഗങ്ങൾക്ക് 2021 ഒക്ടോബർ 14 വരെ പ്രവേശനം അനുവദിക്കുന്നതാണ്. ഒരു ഡോസ് വാക്സിനെടുത്തവരായ ഉപഭോക്താക്കൾ, സന്ദർശകർ എന്നിവർക്ക് മുഴുവൻ ഡോസ് കുത്തിവെപ്പുകളും പൂർത്തിയാക്കാതെ ഒക്ടോബർ 14-ന് ശേഷം പ്രവേശനം നൽകുന്നതല്ല.
രാജ്യത്തെ പൊതു, സ്വകാര്യ സ്ഥാപനങ്ങൾ, മാളുകൾ തുടങ്ങിയ ഏതാനം ഇടങ്ങളിലേക്കുള്ള പ്രവേശനം COVID-19 വാക്സിനെടുത്തവർക്ക് മാത്രമാക്കി നിയന്ത്രിക്കാനുള്ള ഒമാൻ സുപ്രീം കമ്മിറ്റിയുടെ തീരുമാനം 2021 സെപ്റ്റംബർ 1, ബുധനാഴ്ച്ച മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഈ അവസരത്തിലാണ് ഒരു ഡോസ് വാക്സിനെടുത്തവർക്ക് ഈ തീരുമാനത്തിൽ അധികൃതർ അധിക സമയം അനുവദിച്ചത്.