ഒമാൻ: ഈദുൽ അദ്ഹ വേളയിൽ ഏർപ്പെടുത്തുന്ന സമ്പൂർണ്ണ ലോക്ക്ഡൌൺ സംബന്ധിച്ച് സുപ്രീം കമ്മിറ്റി വ്യക്തത നൽകി

GCC News

ഈദുൽ അദ്ഹ വേളയിൽ രാജ്യത്ത് ഏർപ്പെടുത്തുന്ന സമ്പൂർണ്ണ ലോക്ക്ഡൌൺ സംബന്ധിച്ച് ഒമാൻ സുപ്രീം കമ്മിറ്റി വ്യക്തത നൽകി. ജൂലൈ 8-ന് നടന്ന സുപ്രീം കമ്മിറ്റിയുടെ പ്രത്യേക പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

രാജ്യത്ത് ഏർപ്പെടുത്തിയിട്ടുള്ള രാത്രികാല ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ജൂലൈ 31 വരെ തുടരാൻ തീരുമാനിച്ചതായും, ഈദുൽ അദ്ഹ അവധിയുമായി ബന്ധപ്പെട്ട 3 ദിവസങ്ങളിൽ (ദുൽ ഹജ്ജ് 10 മുതൽ 12 വരെ) രാജ്യത്ത് സമ്പൂർണ്ണ ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതാണെന്നും ജൂലൈ 6-ന് സുപ്രീം കമ്മിറ്റി അറിയിച്ചിരുന്നു. ഈദുൽ അദ്ഹ വേളയിൽ ജാഗ്രത തുടരാൻ പൊതുജനങ്ങളോട് ജൂലൈ 8-ലെ സുപ്രീം കമ്മിറ്റിയുടെ പത്രസമ്മേളനത്തിൽ ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. അഹ്‌മദ്‌ ബിൻ മുഹമ്മദ് അൽ സൈദി ആവശ്യപ്പെട്ടു.

“ഈദുൽ അദ്ഹ വേളയിൽ സമ്പൂർണ്ണ ലോക്ക്ഡൌൺ ഏർപ്പെടുത്തുന്നതിനെതിരെ വിവിധ മേഖലകളിൽ നിന്ന് ശക്തമായ എതിർപ്പുകൾ ഉയരുന്നുണ്ട്. എന്നാൽ രാജ്യത്തെ COVID-19 മരണനിരക്ക് ഇത്രയും ഉയർന്ന് നിൽക്കുന്ന സാഹചര്യത്തിൽ എങ്ങിനെയാണ് ഏതാനം പേർക്ക് ഈദ് ആഘോഷിക്കാനാകുക? നമ്മൾ എല്ലാവരെയും ഈ മഹാമാരി ദുരിതത്തിലാഴ്ത്തിയിരിക്കുകയാണല്ലോ.”, ഡോ. അഹ്‌മദ്‌ അൽ സൈദി പത്രസമ്മേളനത്തിൽ ചോദിച്ചു.

ഒമാനിൽ ഈദുൽ അദ്ഹ വേളയിൽ സമ്പൂർണ്ണ ലോക്ക്ഡൌൺ ഏർപ്പെടുത്താനുള്ള തീരുമാനം പൊതുസമൂഹത്തിന്റെ സുരക്ഷ മുൻനിർത്തിയാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. വൈറസ് വകഭേദങ്ങളും, ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളിലെ വീഴ്ച്ചകളും വൈറസ് വ്യാപനം കൂട്ടുന്നതിന് ഇടയാക്കുന്നതായി അധികൃതർ ഓർമ്മപ്പെടുത്തി.

രാത്രികാല യാത്രാ നിയന്ത്രണങ്ങൾ സംബന്ധിച്ചും, ഈദുൽ അദ്ഹ അവധി ദിനങ്ങളിലെ സമ്പൂർണ്ണ ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ സംബന്ധിച്ചും ജൂലൈ 8-ലെ സുപ്രീം കമ്മിറ്റി പത്രസമ്മേളനത്തിൽ താഴെ പറയുന്ന കാര്യങ്ങളാണ് അറിയിച്ചിട്ടുള്ളത്:

  • സമ്പൂർണ്ണ ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന ദിവസങ്ങളിൽ വാക്സിനേഷൻ പ്രചാരണ പരിപാടികൾ ഉണ്ടായിരിക്കുന്നതല്ല. ഈ ലോക്ക്ഡൗണിനു ശേഷം വാക്സിനേഷൻ തുടരുന്നതാണ്.
  • ഒമാനിലേക്ക് പ്രവേശിക്കുന്നവർക്കുള്ള സുരക്ഷാ നിബന്ധനകൾ മാറ്റമില്ലാതെ തുടരുന്നതാണ്.
  • രാത്രികാല നിയന്ത്രണങ്ങൾ 2021 ജൂലൈ 31 വരെ തുടരും. ജൂലൈ 16 മുതൽ ദിനം തോറും രാത്രികാല നിയന്ത്രണങ്ങളുടെ സമയം നീട്ടുന്നതിനും കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ജൂലൈ 16 മുതൽ ജൂലൈ 31 വരെയുള്ള കാലയളവിൽ, ഈദുൽ അദ്ഹയുമായി ബന്ധപ്പെട്ട 3 ദിനങ്ങളിലൊഴികെ, ദിനവും വൈകീട്ട് 5 മണി മുതൽ പുലർച്ചെ 4 മണിവരെ വ്യക്തികളുടെ യാത്രകൾ, വാഹനങ്ങളുടെ ഉപയോഗം, വാണിജ്യ പ്രവർത്തനങ്ങൾ എന്നിവ വിലക്കിയിട്ടുണ്ട്. നിലവിൽ ദിനവും രാത്രി 8 മണി മുതൽ രാവിലെ 4 മണിവരെയാണ് ഈ നിയന്ത്രണങ്ങൾ. നിലവിലെ രാത്രികാല നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട എല്ലാ മാനദണ്ഡങ്ങളും തുടരുമെന്ന് പോലീസ് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ജനറൽ മേജർ ജനറൽ അബ്ദുല്ല ബിൻ അലി ബിൻ ഹമദ് അൽ ഹർത്തി വ്യക്തമാക്കി. രാത്രികാല നിയന്ത്രണങ്ങളുടെ സമയക്രമത്തിൽ മാത്രമാണ് മാറ്റമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
  • 2021 ജൂലൈ 9 മുതൽ ധോഫർ, മുസന്ദം എന്നീ ഗവർണറേറ്റുകളിലേക്കുള്ള പ്രവേശനം COVID-19 വാക്സിനെടുത്തവർക്ക് മാത്രമാക്കി നിയന്ത്രിക്കും. വാക്സിനെടുക്കാത്തവർക്ക് ഈ ഗവർണറേറ്റുകളിലേക്ക് പ്രവേശനം നൽകില്ലെന്ന് മേജർ ജനറൽ അബ്ദുല്ല ബിൻ അലി ബിൻ ഹമദ് അൽ ഹർത്തി വ്യക്തമാക്കി.
  • ഈദുൽ അദ്ഹ അവധിയുമായി ബന്ധപ്പെട്ട 3 ദിവസങ്ങളിൽ (ദുൽ ഹജ്ജ് 10 മുതൽ 12 വരെ) രാജ്യത്ത് സമ്പൂർണ്ണ ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതാണെന്ന് മേജർ ജനറൽ അബ്ദുല്ല ബിൻ അലി ബിൻ ഹമദ് അൽ ഹർത്തി വ്യക്തമാക്കി. ഈ മൂന്ന് ദിവസങ്ങളിൽ മുഴുവൻ സമയങ്ങളിലും വ്യക്തികളുടെ യാത്രകൾ, വാഹനങ്ങളുടെ ഉപയോഗം, വാണിജ്യ പ്രവർത്തനങ്ങൾ എന്നിവ വിലക്കിയിട്ടുണ്ട്. ഈ സമയങ്ങളിൽ രോഗികൾ, മനുഷ്യത്വപരമായ ഇളവുകൾ ആവശ്യമുള്ള മറ്റു കേസുകൾ എന്നിവർക്ക് ഇളവ് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭക്ഷണസാധനങ്ങൾ, ആവശ്യവസ്തുക്കൾ എന്നിവയുടെ വില്പന തടസപ്പെട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അവശ്യ സർവീസുകളായ വൈദ്യുതി വിതരണം, കുടിവെള്ള വിതരണം, മെഡിക്കൽ സേവനങ്ങൾ മുതലായവയ്ക്ക് ഇളവ് അനുവദിക്കുന്നതാണ്.
  • പ്രത്യേക പെർമിറ്റുകളുള്ള ഡെലിവറി സ്ഥാപനങ്ങൾ, തെരുവ് കച്ചവടക്കാർ മുതലായവർക്ക് ലോക്ക്ഡൗണിൽ ഇളവ് നൽകുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഖൈസ് അൽ യൂസഫ് അറിയിച്ചു.